kombathukadavu
വീടിന്റെ തറക്കല്ലിടൽ കർമ്മം

മാള: സുലോചനയ്ക്കും കുടുംബത്തിനും വീടൊരുക്കാൻ കനിവുമായെത്തിയ ദമ്പതികൾ നിർമ്മാണത്തിന് തുടക്കമിട്ടു. മുരിങ്ങൂർ സ്വദേശി മാരിയോ ജോസഫ് , ഭാര്യ ജിജി എന്നിവരാണ് പുത്തൻചിറ കൊമ്പത്തുകടവിലെ സുലോചനയുടെ വീട്ടിലെത്തി സഹായം ഉറപ്പുനൽകിയത്. ഒരാഴ്ചയ്ക്ക് ശേഷം തറക്കല്ലിടൽ കർമ്മം ഇരുവരും ചേർന്ന് നിർവ്വഹിച്ചു. കണ്ണംപറമ്പിൽ പരേതനായ ഷണ്മുഖന്റെ ഭാര്യ സുലോചനയും മകൾ സിനിയും അവരുടെ മകനും രാത്രിയിൽ ഉറക്കമില്ലാതെ ഭയന്ന് കഴിയുന്നത് സംബന്ധിച്ച വാർത്തകളെ തുടർന്നാണ് ഇവരെത്തിയത്. അഞ്ഞൂറ് ചതുരശ്ര അടിയിലുള്ള വീട് നാല് മാസത്തിനകം നിർമ്മിച്ചുനൽകും. പൊതുപ്രവർത്തകനായ പി.സി ബാബു, പി.എസ് ലോഹിദാക്ഷൻ എന്നിവരാണ് ഇവരുടെ ദയനീയാവസ്ഥ മാദ്ധ്യമങ്ങളെ അറിയിച്ചത്. സുലോചനയും കുടുംബവും വാടക വീട്ടിലേക്ക് മാറി താമസിച്ച ശേഷമാണ് നിർമ്മാണം തുടങ്ങിയത്. നിർമ്മാണ ശേഷം പത്ത് വർഷത്തേക്ക് വീട് കൈമാറ്റം ചെയ്യാൻ പാടില്ലെന്ന നിബന്ധനയുണ്ട്.