തൃശൂർ : സംസ്ഥാന സമ്മേളനത്തിനായി പിരിച്ച തുകയുടെ കണക്കവതരിപ്പിച്ചില്ലെന്നതിനെ ചൊല്ലി ജനതാദൾ (എസ് കൃഷ്ണൻകുട്ടി വിഭാഗം) ജില്ലാ കമ്മിറ്റി യോഗത്തിൽ വാക്കേറ്റവും ഉന്തും തള്ളും. ഇന്നലെ വൈകീട്ട് തൃശൂർ സി.എം.എസ് സ്‌കൂളിൽ ചേർന്ന യോഗമാണ് ബഹളത്തിൽ കലാശിച്ചത്. ജില്ലാ പ്രസിഡന്റ് പി.ടി അഷ്‌റഫിന്റെ അദ്ധ്യക്ഷതയിലായിരുന്നു യോഗം. യോഗം ആരംഭിച്ചയുടനെ കണക്കവതരണം ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തി. ലക്ഷക്കണക്കിന് രൂപ പിരിവെടുത്തതായി ആരോപിച്ചായിരുന്നു ബഹളം. സംസ്ഥാന ജില്ലാ നേതാക്കളായ സി.പി. റോയ്, ജോസ് പൈനാടത്ത്, മോഹൻ അന്തിക്കാട്, രാഘവൻ മുളങ്ങാടൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ബഹളം. ഇതോടെ രണ്ട് ചേരിയായി തിരിഞ്ഞ് വാക്കേറ്റവും ഉന്തും തള്ളുമായി. ഇതോടെ യോഗം പിരിച്ചു വിട്ടു. ഒടുവിൽ ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. കഴിഞ്ഞ ജനുവരിയിൽ പാലക്കാട് നടന്ന സമ്മേളനത്തിന്റെ പേരിൽ ഐ.എ റപ്പായി ഫിനാൻസ് കമ്മിറ്റി ചെയർമാനായുള്ള കമ്മിറ്റിയാണ് പിരിവ് നടത്തിയതെന്നും മാസങ്ങൾ കഴിഞ്ഞിട്ടും കണക്കവതരിപ്പിക്കാൻ തയ്യാറാകുന്നില്ലെന്നും പറയുന്നു. കാലാവധി കഴിഞ്ഞ പ്രസിഡന്റാണ് പി.ടി. അഷ്‌റഫെന്നും ഇവർ ആരോപിച്ചു. അതേ സമയം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള വരവ് ചെലവ് കണക്കുകൾ സ്വാഗത സംഘം വിളിച്ചു ചേർത്ത് അവതരിപ്പിച്ചതാണെന്ന് ജില്ലാ പ്രസിഡന്റ് പി.ടി. അഷ്‌റഫ് പറഞ്ഞു. അന്ന് ഇന്നലെ ബഹളം വച്ചവർ യോഗത്തിൽ പങ്കെടുത്തിരുന്നില്ലെന്നും അഷ്‌റഫ് പറഞ്ഞു.