ചേർപ്പ്:ആറാട്ടുപുഴ: ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തിലെ ഇല്ലംനിറ ഭക്തിനിർഭരമായി. ഇന്നലെ രാവിലെ നമസ്‌കാര മണ്ഡപത്തിൽ ഗണപതി പൂജയോടെയാണ് ഇല്ലംനിറയുടെ ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് ലക്ഷ്മിപൂജക്ക് തുടക്കം കുറിച്ചു.
ലക്ഷ്മിപൂജയുടെ മദ്ധ്യേ നാക്കിലയിൽ വച്ച പൊൻകതിരുകൾ മേൽശാന്തി തീർത്ഥം തളിച്ച് ശുദ്ധി വരുത്തി. കുത്തുവിളക്കിന്റേയും മണിനാദത്തിന്റേയും ശംഖനാദത്തിന്റേയും നൂറ് കണക്കിന് ഭക്തരുടെയും അകമ്പടിയോടെ മേൽശാന്തിമാരും കീഴ്ശാന്തിമാരും കതിർക്കറ്റകൾ ശിരസ്സിലേറ്റി ക്ഷേത്ര മതിൽക്കകത്ത് പ്രദക്ഷിണം വെച്ച് കതിരുകളെ ചുറ്റിനകത്തേക്ക് എഴുന്നെള്ളിച്ചു.
ചുറ്റിനകത്ത് പ്രദക്ഷിണം ചെയ്തു കതിർക്കറ്റകളെ നമസ്‌കാര മണ്ഡപത്തിൽ ഇറക്കി എഴുന്നെള്ളിച്ചു. അവിടെ വെച്ച് ലക്ഷമിപൂജ പൂർത്തിയാക്കിയ ശേഷം പൂജിച്ച കതിരുകൾ ശ്രീകോവിലിൽ ശാസ്താവിന് സമർപ്പിച്ചു. ക്ഷേത്ര പത്തായപ്പുരയിലും നെല്ലറയിലും മറ്റും കതിരുകൾ സമർപ്പിച്ചതിനു ശേഷം നെൽക്കതിരുകൾ ഭക്തജനങ്ങൾക്ക് പ്രസാദമായി നൽകി.
മേൽശാന്തിമാരായ നടുവത്തു മന നാരായണൻ നമ്പൂതിരിയും ഏറന്നൂർ സംഗമേശ്വരൻ നമ്പൂതിരിയും ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. ആറാട്ടുപുഴ പൂരപ്പാടം കർഷക സംഘത്തിന്റെ നേതൃത്വത്തിൽ പൂരപ്പാടത്ത് വിളയിച്ചെടുത്ത കതിർ കറ്റകളാണ് ഇക്കുറിയും ആറാട്ടുപുഴ ക്ഷേത്രത്തിൽ ഇല്ലം നിറക്ക് എടുത്തത്.