ചേർപ്പ്: ചാത്തക്കുടം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഇന്ന് രാവിലെ ഇല്ലംനിറ ഭക്തിനിർഭരമായി. കിഴക്കെ ഗോപുരത്തിൽ നിന്ന് കുത്തുവിളക്കിന്റെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ ക്ഷേത്രം പ്രദക്ഷിണം വച്ചു ക്ഷേത്രത്തിനകത്ത് വലിയമ്പലത്തിൽ വച്ചു പൂജകൾ നടന്നു. ക്ഷേത്രം തന്ത്രി തെക്കേടത്തു പെരുമ്പടപ്പ് ദാമോദരൻ നമ്പൂതിരി ചടങ്ങുകൾക്ക് നേതൃത്വം വഹിച്ചു. പൂജകൾക്ക് ശേഷം നെൽക്കതിരുകൾ ശ്രീകോവിലിലും ക്ഷേത്രത്തിന്റെ മറ്റു പ്രധാന സ്ഥലങ്ങളിലും സ്ഥാപിച്ചു. തുടർന്ന് കതിരുകൾ ഭക്തർക്ക് വിതരണം ചെയ്തു. ഇല്ലംനിറക്കു ശേഷം കിഴക്കേ നടയിൽ ഔഷധ കഞ്ഞി വിതരണവും നടന്നു.