തൃശൂർ: രാമവർമ്മപുര പൊലീസ് അക്കാഡമിയിൽ പരിശീലനം പൂർത്തിയാക്കിയ 146 പേരടങ്ങുന്ന വനിതാ ബറ്റാലിയൻ രണ്ടാം ബാച്ചിൽ 29 ബിരുദാനന്തര ബിരുദധാരികൾ. അഞ്ച് ബി.ടെക് ബിരുദധാരികളും മൂന്ന് കമ്പ്യൂട്ടർ ബിരുദാനന്തര ബിരുദധാരികളും ബറ്റാലിയനിലുണ്ട്. 25 പേർ ബി.എഡ് ബിരുദമുള്ളവരും മൂന്ന് എം.ബി.എക്കാരും 55 ബിരുദധാരികളും നാല് ഡിപ്ലോമക്കാരും രണ്ട് ടി.ടി.സിക്കാരുമാണ് മറ്റുളളവർ. അടിസ്ഥാനപരിശീലനത്തിന് പുറമെ കമാൻഡോ പരിശീലനം, കളരി, കരാട്ടെ, യോഗ, നീന്തൽ, ഡ്രൈവിംഗ്, കമ്പ്യൂട്ടർ തുടങ്ങിയവയിലും പരിശീലനം നൽകി. 16 പേർ കമാൻഡോ പരിശീലനവും പൂർത്തിയാക്കി. പരിശീലനത്തിനിടെ മികവു പുലർത്തിയവർക്കുള്ള സമ്മാനം മുഖ്യമന്ത്രി വിതരണം ചെയ്തു. കെ. നിത്യ (ഓൾ റൗണ്ടർ), വി. കൃഷ്ണപ്രിയ (ഔട്ട്‌ഡോർ), എൻ.എസ് നജില (ഇൻഡോർ), എം. നിവ്യ (ആത്മസമർപ്പണം), ആശ ടി സെബാസ്റ്റ്യൻ (ഷൂട്ടർ) എന്നിവർ ട്രോഫികളും മെഡലുകളും ഏറ്റുവാങ്ങി. പൊലീസ് ദേശീയ മീറ്റിൽ സമ്മാനം നേടിയവരെയും ആദരിച്ചു. സ്വർണ്ണമെഡൽ നേടിയ കാസർകോട് ഡോഗ് സ്‌ക്വാഡിലെ നായ ബഡ്ഡി, ഹാൻഡ്‌ലർ കെ. അജീഷ്, അസി . ഹാൻഡ്‌ലർ മനു സി. ചെറിയാൻ, സ്വർണമെഡൽ ജേതാവ് കെ.ആർ രതീഷ് , വെള്ളിമെഡൽ നേടിയ ടി. ആർ ശരത് കുമാർ, കമ്പ്യൂട്ടർ പ്രോഗ്രാമിൽ മെഡൽ ജേതാക്കളായ ജെ. ജോൺസ് രാജ്, ജിതിൻ ജോർജ്, പി.ജെ സിൽജോ, കെ.ആർ ഫെബിൻ എന്നിവർക്കും മുഖ്യമന്ത്രി സമ്മാനങ്ങൾ നൽകി.