illam-nira-
ഇല്ലംനിറക്കായുള്ള കതിർകറ്റകൾ ആലാട്ട് വേലപ്പൻ ക്ഷേത്ര സന്നിധിയിലെത്തിച്ചപ്പോൾ

ഗുരുവായൂർ: കാർഷിക സമൃദ്ധിയുടെ വരവറിയിച്ചുള്ള ഇല്ലം നിറ ചടങ്ങ് ഇന്ന്. ക്ഷേത്ര നടപ്പന്തലിൽ പ്രത്യേകം ഒരുക്കിയ വേദിയിലാണ് കതിർക്കറ്റകൾ സൂക്ഷിച്ചിട്ടുള്ളത്. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് കൊയ്‌തെടുത്ത പുതിയ നെൽക്കതിർക്കറ്റകൾ ക്ഷേത്രനടയിലേക്കെത്തിച്ചത്. കഴിഞ്ഞ 50 വർഷത്തിലേറെയായി ഇല്ലം നിറയ്ക്കുള്ള കതിർക്കറ്റകൾ എത്തിക്കുന്നത് പഴുന്നാനയിലെ കർഷകനായ ആലാട്ട് വേലപ്പനാണ്. ആയിരത്തോളം കറ്റകളാണ് വേലപ്പൻ ഇന്നലെ ക്ഷേത്രത്തിലെത്തിച്ചത്. അദ്ദേഹത്തിന് പുറമെ മറ്റ് ഭക്തരും കതിർക്കറ്റകൾ എത്തിച്ചിട്ടുണ്ട്. ഇന്ന് രാവിലെ രാവിലെ 9.10 മുതൽ 9.49 വരെയുള്ള മുഹൂർത്തത്തിലാണ് നിറ ചടങ്ങ്. അവകാശികളായ മനയത്ത്, അഴീക്കൽ കുടുംബാംഗങ്ങൾ കിഴക്കെ ഗോപുരനടയിൽ കറ്റകൾ സമർപ്പിക്കുന്നതോടെ ചടങ്ങ് തുടങ്ങും. തുടർന്ന് ശാന്തിയേറ്റ കീഴ്ശാന്തിമാരുടെ നേതൃത്വത്തിൽ 13 കീഴ്ശാന്തി ഇല്ലങ്ങളിലെ നമ്പൂതിരിമാർ ചേർന്ന് കതിർക്കറ്റകൾ തലയിലേന്തി ക്ഷേത്രം പ്രദക്ഷിണം ചെയ്ത് ശ്രീകോവിലിന് മുന്നിലെ നമസ്‌കാരമണ്ഡപത്തിൽ കറ്റകൾ സമർപ്പിക്കും. ആൽ, മാവ്, പ്ലാവ്, നെല്ലി, കാഞ്ഞിരം എന്നിവയുടെ ഇലകളും ദശപുഷ്പവും അടങ്ങിയ നിറക്കോപ്പിലാണ് കതിർ സമർപ്പിക്കുക. മേൽശാന്തി പൊട്ടക്കുഴി കൃഷ്ണൻ നമ്പൂതിരി ലക്ഷ്മി പൂജ നടത്തിയ ശേഷം ഒരുകെട്ട് കതിർ ശ്രീലകത്ത് ഗുരുവായൂരപ്പന് മുന്നിൽ സമർപ്പിക്കും. ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം പൂജിച്ച കതിർ ഭക്തർക്ക് വിതരണം ചെയ്യും. നിറ ചടങ്ങുകൾ പൂർത്തീകരിച്ച ശേഷമേ ഭക്തരെ നാലമ്പലത്തിലേക്ക് പ്രവേശിപ്പിക്കൂ.

തൃപ്പുത്തരി ബുധനാഴ്ച

തൃപ്പുത്തരി ബുധനാഴ്ച ആഘോഷിക്കും. കർക്കടക വിളവെടുപ്പിൽ ലഭിച്ച നെല്ലിന്റെ പുത്തരി കൊണ്ടുള്ള നിവേദ്യവും പുത്തരിപ്പായസവും ഉപ്പുമാങ്ങയും പത്തിലക്കറികളും ഈ ദിവസത്തെ പ്രധാന നിവേദ്യങ്ങളാണ്. പുത്തരിപ്പായസമാണ് പ്രധാന വഴിപാട്. 2,64,000 രൂപയുടെ 1200 ലിറ്റർ പുത്തരിപ്പായസം തയ്യാറാക്കാൻ ദേവസ്വം സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഭക്തർക്ക് ഒരു ലിറ്റർ പുത്തരിപ്പായസം 220 രൂപ നിരക്കിൽ ലഭിക്കും.