ചാലക്കുടി: പ്രളയത്തിന്റെ നടുക്കുന്ന ഓർമ്മകൾ അയവിറക്കുന്നതിനിടെ മറ്റൊരു അങ്കലാപ്പുമായി നഗരത്തിൽ ചുഴലിക്കാറ്റ് ആഞ്ഞുവീശി. ഒരു കിലോ മീറ്റർ ദൂരം സഞ്ചരിച്ച അതിശക്തമായ കാറ്റിൽ ഏതാനും വീടുകളുടെ മേൽക്കൂര പറന്നുപോയി. ചുഴലിക്കാറ്റ് എത്തിച്ചേർന്ന കൂടപ്പുഴ ആറാട്ടുകടവിൽ നാൽപ്പതടിയോളം ഉയരത്തിൽ അന്തരീക്ഷത്തിലേക്ക് വെള്ളം ഉയർന്നത് ഭീകരാവസ്ഥ സൃഷ്ടിച്ചു. കടവിൽ കുളിച്ചുകൊണ്ടു നിന്നവർ ഭയന്നു നിലവിളിച്ചു.
അഞ്ച് ഇലക്ട്രിക് പോസ്റ്റുകളും തകർന്നു. പത്തോളം മരങ്ങൾ ഒടിഞ്ഞുവീണു. ആളപായം ഒഴിവായി. ഞായറാഴ്ച രാവിലെ എട്ടോടെയായിരുന്നു നാടിനെ നടുക്കി ചുഴലിക്കാറ്റ് ആഞ്ഞുവീശിയത്. മുരിങ്ങൂർ റെയിൽവേ പാലത്തിന് സമീപത്തു നിന്നുമായിരുന്നു തുടക്കം. കിഴക്കോട്ട് നീങ്ങിയ കാറ്റ് ഒടുവിൽ ചാലക്കുടിപ്പുഴയുടെ കൂടപ്പുഴ ആറാട്ടുകടവിലാണ് ശമിച്ചത്.
വീണ്ടും നൂറുമീറ്ററോളം തെക്ക് ഭാഗത്തേക്ക് നീങ്ങിയ ശേഷമാണ് ചുഴലിക്കാറ്റ് അപ്രത്യക്ഷമായത്. വെട്ടുകടവ് കപ്പേളയ്ക്ക് സമീപത്തായിരുന്നു കൂടുതലും നാശനഷ്ടം. പുൽക്കോട്ടിൽ ജെസിയുടെ വീടിന്റെ ഷീറ്റ് മൊത്തമായി പറന്നുയർന്ന് എതിർവശത്തെ കൈതാരത്ത് വർഗ്ഗീസിന്റെ വീടിനു മുകളിൽ പതിച്ചു. ഇവിടെ ഇലക്ട്രിക് പോസ്റ്റും തകർന്നു. കപ്പേളയ്ക്ക് തൊട്ടരികിലെ റിട്ടയേർഡ് പൊലീസുകാരൻ മുത്തുവിന്റെ വീട്ടിലെ ഷീറ്റും തകർന്നു. പുതുശേരി സോമന്റെ വീട് മരം വീണ് ഭാഗികമായി തകർന്നു. ഇവരുടെ മുൻഭാഗത്തുള്ള പുതുശേരി ട്രേഡേഴ്‌സെന്ന സ്റ്റേഷനറിക്കടയുടെ ഓടുകൾ താഴെവീണു. കോനിക്കര ജോർജ്ജിന്റെ വീടിന് മുകളിൽ മരംവീണു. ആളൂക്കാരൻ പോളിന്റെ വീടിന്റെ മേൽക്കൂരയും തകർന്നു. പാലാട്ടി പൈലന്റെ വീടിന് മുകളിൽ തൊട്ടടുത്ത വീട്ടിൽ നിന്നും ഇഷ്ടികകൾ പറന്നുവീണു. അകത്തു കിടക്കുകയായിരുന്ന പൈലൻ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. സംഭവം കേട്ടറിഞ്ഞ് നൂറു കണക്കിനാളുകളാണ് വെട്ടുകടവ് ഭാഗത്തെത്തിയത്. എം.എൽ.എ ബി.ഡി ദേവസി, നഗരസഭ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ, വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറമ്പിൽ, കിഴക്കെ ചാലക്കുടി വില്ലേജ് ഓഫീസർ എന്നിവർ സ്ഥലം സന്ദർശിച്ചു.