കൊടുങ്ങല്ലൂർ: താന്ത്രിക വൃത്തിയിൽ ശ്രേഷ്ഠമായത് ഗുരുപൂജയാണെന്ന് ഗുരുപദം ഡോ. ടി.എസ്. വിജയൻതന്ത്രി പറഞ്ഞു. കോരു ആശാൻ സ്മാരക വൈദിക സംഘത്തിന്റെ സ്ഥാപക ആചാര്യനും ശ്രീനാരായണവൈദിക പരമ്പരയിലെ താന്ത്രിക പ്രമുഖനുമായിരുന്ന തിലകൻ തന്ത്രികളുടെ സപ്തമ ശ്രാദ്ധ സപര്യയുമായി ബന്ധപ്പെട്ട അനുസ്മരണ പരിപാടിയിൽ ഭദ്രദീപ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അനന്തരഗാമികൾക്ക് കൈവരുന്ന അനുഗ്രഹമാണ് ഗുരുപൂജ.
സ്വാദ്ധ്യായം അഥവാ പഠനം കൊണ്ടാവണം ഇത് നിർവഹിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. രാവിലെ സംഘം പാഠശാലയിൽ പാദുകാർച്ചന ധർമ്മ ഗ്രന്ഥ പാരായണം എന്നിവ നടന്നു. തുടർന്ന് ആല ഗുരുദേവ കല്യാണമണ്ഡപത്തിൽ വൈദിക സംഘം ആചാര്യൻ സി.കെ നാരായണൻകുട്ടി ശാന്തിയുടെ അദ്ധ്യക്ഷതയിൽ നടന്ന അനുസ്മരണ സദസിൽ തിലകൻ തന്ത്രികളുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ താന്ത്രിക തിലക പുരസ്‌കാരം ഗുരു പി.എസ്.എ മനു മാസ്റ്റർക്ക് സമർപ്പിച്ചു.

ഗുരുസാഗരം മുഖ്യ പത്രാധിപർ സജീവ് കൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി കെ.വി സദാനന്ദൻ വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും വിവേകാനന്ദ സാംസ്‌കാരിക സമിതി പ്രസിഡന്റ് എ.ആർ ശ്രീകുമാർ ചികിത്സാ നിധി സമർപ്പണവും നിർവഹിച്ചു. എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡംഗം കെ. ഡി വിക്രമാദിത്യൻ, ആല ശ്രീ നാരായണ ധർമ്മ പ്രകാശിനി യോഗം പ്രസിഡന്റ് സുബീഷ് ചെത്തിപ്പാടത്ത് തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. മനുമാസ്റ്ററുടെ ശിഷ്യന്റെ ഗുരുവന്ദനം നൃത്താവതരണത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. വൈദികസംഘം പ്രസിഡന്റ് സി.ബി. പ്രകാശൻ ശാന്തി സ്വാഗതവും, സെക്രട്ടറി ഇ.കെ. ലാലപ്പൻ ശാന്തി നന്ദിയും പറഞ്ഞു. തുടർന്ന് ശാന്തിമന്ത്രം, അമൃത ഭോജനം എന്നിവ നടന്നു