കൊടുങ്ങല്ലൂർ: സംഘപരിവാർ ശക്തികളുടെ തനിനിറം തുറന്നു കാട്ടുന്ന ചെറുകിട പത്രങ്ങളെ തകർക്കാൻ മോദി സർക്കാർ ശ്രമിക്കുകയാണെന്ന് രാജാജി മാത്യു തോമസ് പറഞ്ഞു. ന്യൂസ് പ്രിന്റിന്റെ ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചതും കേന്ദ്ര സർക്കാരിന്റെ പരസ്യങ്ങൾക്ക് നിയന്ത്രണങ്ങൾ കൊണ്ടുവന്നതും അതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണെന്നും അദ്ദേഹം കൂട്ടിചേർത്തു. 'മാദ്ധ്യമങ്ങളുടെ രാഷ്ട്രീയം' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു രാജാജി മാത്യു തോമസ്.

പരമ്പരാഗത മാദ്ധ്യമപ്രവർത്തനം കാലഹരണപ്പെട്ടിരിക്കുകയാണ്. ഇന്റർനെറ്റ് അധിഷ്ഠിത മാദ്ധ്യമ പ്രവർത്തനത്തിനും വെബ് അധിഷ്ഠിത മാദ്ധ്യമപ്രവത്തനത്തിനും വലിയ സ്വീകാര്യത കൈവന്നിരിക്കുന്നു. പത്ര പ്രവർത്തകർക്ക് നിർഭയമായി പ്രവർത്തിക്കാനുള്ള അവസ്ഥ നഷ്ട്ടപ്പെട്ടിരിക്കുകയാണ്. കേരളത്തിൽ ഇടതു പക്ഷ ഐക്യം തകർക്കുന്നതിനു വേണ്ടിയുള്ള കൂട്ടായ മാദ്ധ്യമപ്രവർത്തനവും നടക്കുന്നു. മാദ്ധ്യമരംഗത്ത് ജനകീയ ഇടപെടലിലൂടെയും കമ്മ്യൂണിസ്റ്റ് മാദ്ധ്യമങ്ങളുടെ വർദ്ധിച്ച പ്രചാരണത്തിലൂടെയും ഇതിനെയെല്ലാം മറികടക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി.പി.ഐ മേഖലാ ലീഡേഴ്‌സ് ക്യാമ്പിന്റെ സമാപന ദിനമായ ഇന്നലെ ക്ഷേമ പ്രവത്തനങ്ങളെ കുറിച്ച് കെ പുരം സദാനന്ദൻ ക്ലാസ്സെടുത്തു. പൊതു ചർച്ചക്ക് സി.പി.ഐ ജില്ലാ അസി: സെക്രട്ടറി പി. ബാലചന്ദ്രൻ മറുപടി നൽകി. പി.വി. മോഹനൻ നന്ദി പറഞ്ഞു.