ചാലക്കുടി: ചാലക്കുടിയിലെ ചുഴലിക്കാറ്റ് വൻവിപത്തായി മാറാതിരുന്നത് ഭാഗ്യം ഒന്നുകൊണ്ടു മാത്രം. അര മണിക്കൂറിന് ശേഷമാണ് കാറ്റ് വീശിയിരുന്നതെങ്കിൽ സ്ഥിതി ഇതാകുമായിരുന്നില്ല. ഫൊറോന പള്ളിയിലെ രണ്ടാമത്തെ കുർബാന കഴിഞ്ഞാൽ നിരവധി പേരാണ് വെട്ടുകടവ് റോഡിലൂടെ തിരിച്ചുപോകാറുള്ളത്. എന്നാൽ തലനാരിഴയ്ക്ക് അപകടം ഒഴിവായി. ചുഴലിക്കാറ്റിന് മുന്നോടിയായി മഴപെയ്തതും അനുഗ്രഹമായി. ഇതോടെ നിരത്തിലുണ്ടായിരുന്നവരെല്ലാം വീടുകളിലേക്ക് കയറി. അല്ലായിരുന്നുവെങ്കിൽ ഊഹിക്കാൻ കഴിയുന്നതിലുമപ്പുറം അപകടം സംഭവിക്കുമായിരുന്നു. ഒരേ സമയം പലയിടത്താണ് ഇലക്ട്രിക് ലൈനുകൾ പൊട്ടിവീണത്. വീടുകളുടെ മുകളിൽ നിന്നും ചെറുതും വലുതുമായ ഇരുമ്പു തകിടുകളും നാനാവഴിക്ക് പറന്നു. ഏകദേശം ഒരു മിനിറ്റ് മാത്രം നീണ്ട വൻചുഴലിയിൽ നഗരം വിറങ്ങലിച്ചു നിന്നു. സംഭവം കേട്ടറിഞ്ഞ് നൂറുകണക്കിന് ആളുകളാണ് വെട്ടുകടവ് ഭാഗത്തെത്തിയത്. കെ.എസ്.ഇ.ബി ജീവനക്കാർ ഉടനെ രംഗത്തെത്തി രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ടു. ജനപ്രതിനിധികളും യുവജന സംഘടനാ പ്രവർത്തകരും സഹായത്തിനെത്തി.