ചേലക്കര: പ്രതീക്ഷയോടെ വളർത്തിയെടുത്ത് വിപണിയിലെത്തിച്ച പയറിന് ന്യായവില പോലും കിട്ടാത്ത വിഷമത്തിലാണ് ചേലക്കരയിലെ കർഷകർ. ഒന്നാംവിളയായി ചെയ്ത പാവൽ ( കയ്പ്പക്ക) കൃഷിയിൽ നഷ്ടം വന്നപ്പോഴും പയറിലായിരുന്നു പ്രതീക്ഷ. അതും നശിച്ചപ്പോൾ കൃഷിയിൽ മിച്ചം കിട്ടിയത് കടം മാത്രം. ഇതിൽ നിന്ന് എങ്ങനെ കരകയറുമെന്ന ആശങ്കയിലാണ് പലരും.

40 രൂപ വരെ വില ലഭിച്ചിരുന്ന പയറിന് ഇരുപതു രൂപയിൽ താഴെയാണ് ഇപ്പോൾ വില. വിളവെടുക്കുന്ന പച്ചക്കറി ഉത്പന്നങ്ങൾ വെജിറ്റബിൾ ഫ്രൂട്ട്‌സ് പ്രൊമോഷൻ കൗൺസിൽ ഒഫ് കേരള (വി.എസ്.പി.സി.കെ)യുടെ വിവിധ വിപണന കേന്ദ്രങ്ങളിൽ എത്തിച്ചു നൽകുകയാണ് പതിവ്. ഈ കേന്ദ്രമാണ് വിവിധ മാർക്കറ്റുകളലേക്ക് കയറ്റി അയക്കുന്നത്. തെക്കു വടക്കൻ ജില്ലകളിലേക്കും വിദേശ രാജ്യങ്ങളിലേക്ക് വരെ ചേലക്കരയിലെ പച്ചക്കറി കയറ്റി അയക്കാറുണ്ട്.

പ്രധാനമായും നാംതാരി ഇനത്തിൽപ്പെട്ട പയറാണ് (മീറ്റർ പയർ) ഇവിടെ കൃഷി ചെയ്തുവരുന്നത്. ചേലക്കര കളപ്പാറയിലെ വി.എഫ്.പി.സി.കെ കേന്ദ്രത്തിൽ തന്നെ മൂന്നൂറോളം കർഷകർ അംഗങ്ങളാണ്. ഇവിടെ ഇപ്പോൾ എണ്ണായിരം മുതൽ പതിനായിരം കിലോ പയർ വരെയാണ് ദിവസവും എത്തുന്നത്. ഇവ മുഴുവനും കയറ്റി അയക്കാൻ കഴിയാത്ത അവസ്ഥയുണ്ട്. അതിനാൽ കർഷകർക്ക് ലഭിക്കുന്ന ശരാശരി വിലയും കുറയുകയാണ്.

കടക്കെണിയിൽ

ചേലക്കരയിലെ ഒന്നാം വിളയായ പാവൽ കൃഷി കടത്തിൽ മുങ്ങി

രണ്ടാം വിളയായ പയറിനും വിലയില്ലാതായതോടെ ആശങ്കയിൽ

കർഷകർ പച്ചക്കറി വിൽക്കുന്നത് വി.എഫ്.പി.സി.കെ വഴി

വി.എഫ്.പി.സി.കെയിൽ നിത്യേന എത്തുന്നത് 10000 കിലോയോളം

ചേലക്കരയിലുള്ളത് നാംതാരി ഇനത്തിൽപ്പെട്ട പയർ (മീറ്റർ പയർ)

ബാംഗ്ലൂർ മേഖലയിൽ നിന്നും പയർ ധാരാളമായി സംസ്ഥാനത്തേക്ക് എത്തുന്നതു കൊണ്ടാണ് ഈ വിലയിടിവ് ഉണ്ടാകുന്നത്. ഇവിടെ ഇത്തവണ വിളവ് കുറവാണെങ്കിലും ഒന്നാം കൃഷിയിലെ നഷ്ടത്തിന് ആശ്വാസമാകുമെന്ന കർഷകരുടെ പ്രതീക്ഷ ഇതോടെ മങ്ങി. കൂടാതെ ഓണവിപണി വരെ കാത്തുനിറുത്താനുള്ള ആയുസ്സും ഈ പയർ ചെടികൾക്കില്ല.

-വി.എഫ്.പി.സി.കെ അധികൃതർ