തൃശൂർ : ചാവക്കാട് പുന്നയിൽ നൗഷാദിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ കൂടി വലയിലായതായി സൂചന. എസ്.ഡി.പി.ഐക്കാരാണ് പിടിയിലായതെന്നാണ് പൊലീസ് നൽകുന്ന സൂചന. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. കഴിഞ്ഞ ദിവസം ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കൊലപാതകം ആസൂത്രണം ചെയ്തവരെയും മുഖ്യപ്രതികളെയും പിടികൂടാൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. കുന്നംകുളം ഡിവൈ.എസ്.പി സി.എസ് സിനോജിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കൃത്യത്തിൽ ഏർപ്പെട്ട മുഴുവൻ പേരും എസ്.ഡി.പി.ഐ പ്രവർത്തകർ തന്നെയാണെന്ന നിഗമനത്തിൽ തന്നെയാണ് പൊലീസ്. പിടിലായ മുബീനെ ചോദ്യം ചെയ്തതിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിച്ചതായി സൂചനയുണ്ട്. ഇത് പ്രകാരമാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. റിമാൻഡ് ചെയ്ത മുബീനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ ഇന്ന് അപേക്ഷ നൽകും. ചാവക്കാട്, കുന്നംകുളം കോടതികളിൽ മജിസ്‌ട്രേറ്റുമാർ ഇല്ലാത്തതിനാൽ വടക്കാഞ്ചേരി മജിസ്‌ട്രേറ്റിന് മുന്നിലാണ് പ്രതിയെ ഹാജരാക്കിയത്. ഇതിനിടെ ഇന്ന് ചാവക്കാട് സി.പി.എമ്മിന്റെ നേതൃത്വത്തിൽ വൈകീട്ട് സമാധാന സംരക്ഷണ സദസ് സംഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാന സെക്രട്ടറിയേറ്റംഗം ബേബി ജോൺ പ്രസംഗിക്കും.