annamma

പ്രളയം കഴിഞ്ഞ് വർഷം ഒന്നായിട്ടും ചാലക്കുടിക്കാരിയായ അന്നമ്മ ടീച്ചർ അന്തിയുറങ്ങുന്നത് ദുരിതാശ്വാസ ക്യാമ്പിലാണ്.വിജയാഘവപുരത്ത് ആഡിറ്റോറിയത്തോട് ചേർന്ന കെട്ടിടത്തിന്റെ മുകളിലാണ് ഈ മേഖലയിലെ അവശേഷിക്കുന്ന ഏക ക്യാമ്പ്. അധികം വൈകാതെ ഇവിടെ അന്നമ്മ ടീച്ചർ മാത്രമാകും. അവശേഷിക്കുന്ന നാലു കുടുംബങ്ങളുടെയും വീടുപണി അവസാനഘട്ടത്തിലാണ് .ഒരുമാസത്തിനുള്ളിൽ അവർ ക്യാമ്പ് വിടും.ഒറ്റപ്പെടലിന്റെ ദുഖത്തിലാണ് 67 കാരിയായ അന്നമ്മ ടീച്ചർ.

ചാലക്കുടി വെട്ടുകാട് കനാലിന് സമീപം പുറമ്പോക്ക് ഭൂമിയിലാണ് അന്നമ്മ ടീച്ചറുടെ വീട്. ടീച്ചറുടെ അമ്മായിയുടെ വീടാണിത്. കുടുംബസ്വത്ത് നഷ്ടമായപ്പോൾ ബന്ധുവായ അന്തോണിയെ അവസാനകാലത്ത് പരിചരിക്കാനെത്തിയതാണ് ടീച്ചർ. മൂന്ന് വർഷം മുമ്പ് അന്തോണി മരിച്ചു. ടീച്ചർ വീട്ടിലൊറ്റയ്‌ക്കായി. അവിവാഹിതയാണ്. അച്ഛനും അമ്മയും വേണ്ടപ്പെട്ടവരുമൊക്കെ മരിച്ചു. ചാലക്കുടിയിലെ ഒരു സർക്കാർ സ്‌കൂളിലും മറ്റൊരു പ്രൈവറ്റ് സ്‌കൂളിലും കുറച്ചുകാലം പഠിപ്പിച്ചിരുന്നു.

40 വർഷം മുമ്പ് കളിമൺകട്ട ഉപയോഗിച്ച് പണിതതാണ് ടീച്ചർ താമസിച്ചിരുന്ന വീട്. വീടിന്റെ പിറകുവശം പ്രളയത്തിൽ തകർന്നതോടെ വാസയോഗ്യമല്ലെന്ന് വില്ലേജ് ഓഫീസർ റിപ്പോർട്ട് നൽകി. പുറമ്പോക്ക് ഭൂമിയിൽ വീട് പുതുക്കിപ്പണിയാൻ പണം അനുവദിക്കുന്നതിൽ നിയമപ്രശ്‌നമുണ്ട്.

'' ഹൃദയവാൽവിന് തകരാറുണ്ട്. ആസ്‌ത്മയുണ്ട് മരിക്കും വരെ ആ വീട്ടിൽ താമസിക്കണം.. മുമ്പ് താമസിച്ച വീടിന് അടുത്താകുമ്പോൾ സഹായിക്കാൻ അയൽക്കാരുണ്ട്. പരിചയമില്ലാത്ത ഏതെങ്കിലും സ്ഥലത്ത് കൊണ്ടുപോയി താമസിപ്പിക്കാനാണ് അവരുടെ തീരുമാനം. തൊട്ടടുത്തുള്ളവർക്കൊക്കെ നഷ്ടപരിഹാരം കിട്ടി. കഴിഞ്ഞ ദിവസം ജില്ലാ കളക്ടർ വന്നു. ഫോണിൽ വലിയ ഒരു വീടിന്റെ ഫോട്ടോ കാണിച്ചുതന്നു. അവിടെ താമസിക്കാമെന്ന് പറഞ്ഞു. എനിക്ക് പഴയസ്ഥലത്തു മതി ഒരു കൊച്ചുവീട്- കണ്ണീരോടെ ടീച്ചർ പറഞ്ഞു.

അയൽവാസികളാണ് ടീച്ചർക്ക് ഭക്ഷണം നൽകുന്നത്. ഇടയ്‌ക്ക് കാണാനെത്തുന്ന ശിഷ്യർ അത്യാവശ്യം ചെലവിനുള്ള പണം കൊടുക്കും.

സുമതി സന്തോഷത്തിലാണ്

ചാലക്കുടിയിൽ നിന്ന് 30 കിലോമീറ്റർ അകലെ വെണ്ണൂർപ്പാടത്തുള്ള സുമതിയാകട്ടെ സന്തോഷത്തിലാണ്.

സുമതിയുടെ അതിരില്ലാത്ത സന്തോഷത്തിന് കാരണമുണ്ട്. പ്രളയം ഒരർത്ഥത്തിൽ അനുഗ്രഹമായെന്ന് ഒരു മടിയുമില്ലാതെ സുമതി പറയും. കാരണം സുമതിക്കിപ്പോൾ അടച്ചുറപ്പുള്ള ഒരു വീടുണ്ട്.മൂന്ന് മക്കളെ കല്യാണം കഴിച്ചയച്ചതിന് ശേഷം ഭർത്താവ് പ്രകാശനൊപ്പമായിരുന്നു വെണ്ണൂർപ്പാടത്തെ നാലുസെന്റ് ഭൂമിയിൽ താമസം. 2018 ആഗസ്റ്റ് 15ന് വീട്ടിലേക്ക് വെള്ളം ഇരച്ചെത്തിയത് പെട്ടെന്നായിരുന്നു. ചുവരിലാകമാനം വിള്ളൽവീണ് വീട് ഏതുനിമിഷവും നിലംപൊത്താവുന്ന നിലയിലായപ്പോൾ സുമതിയുടെ മനോനില നഷ്ടപ്പെട്ടു. നാട്ടുകാരുടെ മുന്നിൽ പരിഹാസ കഥാപാത്രമായി. എന്നാലിന്ന് ചികിത്സയിലൂടെ പഴയ സുമതിയായി. കയറിക്കിടക്കാൻ സുമതി പറയുമ്പോലെ 'പ്രതീക്ഷിക്കാത്ത രീതിയിൽ ടൈൽസിട്ട വീടായി.' കെയർഹോം പദ്ധതിയിൽ പണിത വീടിന്റെ താക്കോൽ രണ്ടാഴ്ച മുമ്പാണ് ചാലക്കുടിയിൽ നിന്ന് സുമതി ഏറ്റുവാങ്ങിയത്. വെണ്ണൂർപ്പാടം മേഖലയിലെ 25ഓളം നിർദ്ധനർക്ക് കെയർഹോം വീട് പണിതു നൽകിയിട്ടുണ്ട്.

തൃശൂർ ജില്ലയിൽ കുറാഞ്ചേരി മലയിലുണ്ടായ ഉരുൾപ്പൊട്ടലിൽ അഞ്ച് കുടുംബങ്ങളിലായി മരിച്ചത് 19 പേരാണ്. ജെൺസൺ മുണ്ടാപ്ളാക്കന്റെ കുടുംബത്തിലെ എല്ലാവരും (എട്ടുപേർ)​ മരിച്ചു.അനന്തരാവകാശികളില്ലാത്തതിനാൽ ജെൺസണിന്റെ കുടുംബത്തിന് ധനസഹായം ലഭിച്ചില്ല.മറ്റുള്ളവരെല്ലാം ലഭിച്ച ധനസഹായം ഉപയോഗിച്ച് വീടുവച്ചു.

775 കോടി രൂപയുടെ പുനർനിർമ്മാണം

അതിജീവന പുനർനിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി തൃശൂർ ജില്ലയിൽ നടപ്പാക്കിയത് 775 കോടിയുടെ പദ്ധതികളാണ്. അടിയന്തര ധനസഹായമായ 10000 രൂപ 1,25,932 കുടുംബങ്ങൾക്ക് ലഭിച്ചു . 1389 വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി. ഭാഗികമായി തകർന്ന 24,208 വീടുകൾക്കായി 268.18 കോടി രൂപ ചെലവഴിച്ചു. കുടുംബശ്രീ വഴി 41,987 വനിതകൾക്ക് 345.02 കോടി രൂപയുടെ കുടുംബസഹായ വായ്‌പ ലഭ്യമാക്കി. ഉജ്ജീവന സഹായ പദ്ധതിയിലൂടെ 19.03 കോടി രൂപയുടെ വായ്‌പ വിതരണം ചെയ്തു. കാർഷികമേഖല പുനരുജ്ജീവിപ്പിക്കുന്നതിന് 23.69 കോടി രൂപ ചെലവഴിച്ചു. 4.28 ലക്ഷം വൈദ്യുതി കണക്ഷനുകൾ പുനഃസ്ഥാപിച്ചു. വൈദ്യുതി വിതരണം പൂർവസ്ഥിതിയിലാക്കാൻ 28.82 കോടി രൂപ ചെലവഴിച്ചു. 764 റോഡുകൾ പുനർനിർമ്മിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ 12 പാലങ്ങൾ നവീകരിച്ചു. തദ്ദേശസ്ഥാപനങ്ങളുടെ 128.661 കി.മീ റോഡുകളും 13 പാലങ്ങളും അറ്റകുറ്റപ്പണികൾ നടത്തി പൂർവസ്ഥിതിയിലാക്കി. ആശുപത്രികളുടെ നവീകരണത്തിനായി 1.25 കോടി രൂപ ചെലവഴിച്ചു. നാല് ആശുപത്രികൾ പുനരുദ്ധരിച്ചു. ഒമ്പത് സ്‌കൂളുകളുടെയും 38 അങ്കണവാടികളുടെയും പുനഃനിർമ്മാണം പൂർത്തികരിച്ചു.