തൃശൂർ: കാലാവസ്ഥാവ്യതിയാനം കൃഷിക്കും ജീവജാലങ്ങളുടെ നിലനിൽപ്പിനും ഭീഷണിയാകുന്ന പശ്ചാത്തലത്തിൽ മഴയുടെയും കാറ്റിൻ്റെയും അളവും താപനിലയും ഈർപ്പവുമെല്ലാം കൂടുതൽ ആധികാരികവും കൃത്യവുമായി കണ്ടെത്തുന്ന ആധുനിക കാലാവസ്ഥാ നിരീക്ഷണകേന്ദ്രം കാർഷിക സർവകലാശാലയിൽ ഒരുങ്ങി.

വെള്ളാനിക്കരയിൽ കൃഷിവിജ്ഞാന കേന്ദ്രത്തിന് അടുത്തുള്ള കാലാവസ്ഥാപഠന ഗവേഷണ അക്കാഡമിയിൽ ഈ കേന്ദ്രം പ്രവർത്തനക്ഷമമാകുന്നതോടെ കാലാവസ്ഥ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാകും.

വിശദമായ കാലാവസ്ഥാ വിവരങ്ങൾ ഇന്ത്യൻ മെറ്റീരിയോളജിക്കൽ വകുപ്പിനും സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദത്തിലേക്കും പുതിയ കേന്ദ്രം വഴി ലഭ്യമാക്കാൻ കഴിയും. ഇന്ത്യൻ മെറ്റീരിയോളജിക്കൽ വകുപ്പിൻ്റെ മാനദണ്ഡപ്രകാരമാകും കേന്ദ്രത്തിൻ്റെ പ്രവർത്തനം.

ഏഷ്യയിൽ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.എസ്.സി കോഴ്സ് കാർഷിക സർവകലാശാലയിൽ മാത്രമാണുളളത്. ഈ കോഴ്സിന് പഠിക്കുന്ന വിദ്യാർത്ഥികൾക്കും പ്രായോഗികപഠനത്തിനും പരിശീലനത്തിനും കേന്ദ്രം ഉപകാരപ്രദമാകും. ഗവേഷകർക്കും പഠനത്തിനാവശ്യമായ വിവരശേഖരണത്തിന് സഹായകമാകും. നിലവിൽ ഹോർട്ടികൾച്ചർ വിഭാഗത്തിൻ്റെ കീഴിലും മണ്ണുത്തി വെറ്ററിനറി കോളേജിലും കാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങളുണ്ട്. അതിനേക്കാൾ കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ കഴിയുന്നതാണ് പുതിയ കേന്ദ്രം.

15 ഓളം കാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങൾ മാത്രമാണ് സംസ്ഥാനത്തുള്ളത്. കൂടുതൽ കേന്ദ്രങ്ങൾ ഉണ്ടാകുന്തോറും ഫലപ്രവചനത്തിൽ കൃത്യതയേറും.

കാലാവസ്ഥാവ്യതിയാനം: പ്രശ്നങ്ങൾ

#വിളവ് കുറയാൻ കാരണമാകുന്നു.

#കൂടിയ ചൂട് പരാഗണത്തിന് തടസ്സം

#ഫലങ്ങളുടെ വലിപ്പവും ഗുണവും കുറയുന്നു.

#മണ്ണിലെ സൂക്ഷ്മജീവികൾക്കും നാശം.

#പ്രളയത്തിൽ ഫലഭൂയിഷ്ടമായ മേൽമണ്ണ് നഷ്ടമായി.

ഉദ്ഘാടനം ഇന്ന്

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ ഇന്ന് രാവിലെ 11.30 ന് വെള്ളാനിക്കര ഫോറസ്ട്രി കോളേജ് സെമിനാർ ഹാളിൽ നിർവഹിക്കും.

കേന്ദ്രത്തിലെ

ഉപകരണങ്ങൾ

1. മഴമാപിനി (മഴയുടെ അളവ് )

2. സ്വയംനിയന്ത്രിത മഴമാപിനി (തുറന്ന സ്ഥലത്ത് സ്ഥാപിക്കുന്നത്)

3.വിവിധതരം തെർമോമീറ്ററുകൾ.(കൂടിയതും കുറഞ്ഞതുമായ താപനില, ഇൗർപ്പത്തിൻ്റെ അളവ്)

4. അനിമോമീറ്റർ (കാറ്റിൻ്റെ വേഗത അറിയാൻ)

5.വിൻഡ് വേൻ (കാറ്റിൻ്റെ ദിശ അളക്കാൻ)

6. ബാഷ്പീകരണമാപിനി(ബാഷ്പീകരണം അറിയാൻ )

7. സോയിൽ തെർമോമീറ്റർ (മണ്ണിൻ്റെ താപനില)

8. സൂര്യപ്രകാശമാപിനി(സൂര്യപ്രകാശത്തിൻ്റെ ദൈർഘ്യം അറിയാൻ)

9. മഞ്ഞ്മാപിനി (മഞ്ഞിൻ്റെ അളവ്)

''ഈ കേന്ദ്രം വഴി കാലാവസ്ഥാ പ്രവചനം കൂടുതൽ കൃത്യമായി ലഭ്യമാക്കാനാകും. കർഷകർക്ക് കാലാവസ്ഥയെക്കുറിച്ച് ധാരണയുണ്ടാവാനും ഫലപ്രദമായി കൃഷിയൊരുക്കാനും വഴിയൊരുങ്ങും. കൃത്യമായ മാർഗനിർദേശങ്ങളും ലഭ്യമാക്കാനാകും''

- ഡോ.പി.ഒ. നമീർ, സ്പെഷ്യൽ ഒാഫീസർ, എ.സി.സി.ഇ.ആർ.