കയ്പ്പമംഗലം: തീരദേശത്ത് തുടർച്ചയായി രണ്ടാം ദിവസവും ചുഴലിക്കാറ്റ് നാശം വിതച്ചു. ഇന്നലെ ഉച്ചയോടെയുണ്ടായ ചുഴലിക്കാറ്റിൽ രണ്ട് വീടുകൾ തകർന്നു. ഭിന്നശേഷിക്കാരനായ ഒരാൾക്ക് പരിക്കേറ്റു. മരങ്ങൾ വീണ് നിരവധി വീടുകൾക്ക് നാശം സംഭവിച്ചു. നിരവധി ഇലക്ട്രിക് പോസ്റ്റുകളും ഒടിഞ്ഞു. പലയിടത്തും വൈദ്യുതി പുന:സ്ഥാപിക്കാൻ ദിവസങ്ങൾ വേണ്ടിവന്നേക്കും. മരം വീണ് ഗതാഗതവും തടസപ്പെട്ടു. രാവിലെ 11.30 ഓടെയായിരുന്നു കാറ്റ് ആഞ്ഞുവീശിയത്. രണ്ട് മിനിറ്റോളം നീണ്ടുനിന്നു. കൂളിമുട്ടം ത്രിവേണി, നെടുംപറമ്പ് , കാതിക്കോട് എന്നിവിടങ്ങളിലാണ് പ്രധാനമായും നാശം വിതച്ചത്. കാറ്റിൽ കൂളിമുട്ടം ത്രിവേണി പടിഞ്ഞാറ് കളത്തിൽ ഗോപിയുടെ വീട് തകർന്നു. ഓടിട്ട വീടിന്റെ മേൽക്കൂരയിലെ ഓടുകളെല്ലാം പറന്നുപൊങ്ങി. വീട്ടിൽ അദ്ദേഹവും ഭാര്യയും കൂടാതെ മകളും അവരുടെ മൂന്നു മാസം പ്രായമായ കുഞ്ഞും ഉണ്ടായിരുന്നു. ശബ്ദം കേട്ട് എല്ലാവരും പുറത്തേക്ക് ഓടിമാറിയതിനാൽ അപകടം ഒഴിവായി.
തൊട്ടടുത്ത നെടുംപറമ്പിൽ ഷൺമുഖന്റെ വീട് തെങ്ങും മരവും വീണാണ് തകർന്നത്. ഈ വീടിനകത്തുണ്ടായ ഭിന്നശേഷിക്കാരനായ പഴൂപറമ്പിൽ സന്തോഷിന് നിസാര പരിക്കേറ്റു. അടിപറമ്പിൽ അനിലൻ, അജയൻ മുഴുവരമ്പൻ, ലത്തീഫ് ഓലക്കോടൻ എന്നിവരുടെ വീടുകൾക്ക് മരം വീണ് നാശമുണ്ടായി. കേരകർഷകരുടെ കൂട്ടായ്മയിൽ പ്രവർത്തിക്കുന്ന മുസ്‌രിസ് കോക്കനട്ട് പ്രൊഡക്ട്‌സ് എന്ന സ്ഥാപനത്തിന്റെ മേൽക്കൂര കാറ്റിൽ പറന്നു. പുതിയകാവിൽ മിത്രം അഡ്വർടൈസിംഗ് സ്ഥാപനത്തിന്റെ മുകളിൽ മരം വീണ് നാശനഷ്ടം ഉണ്ടായി. തൊട്ടടുത്ത ഓലക്കോട്ടിൽ നിസാറിന്റെ വീടിന് മുകളിലും മരം വീണു. ചെറുതും വലുതുമായി നൂറിലധികം മരങ്ങൾ പ്രദേശത്ത് വീണു. കളപറമ്പത്ത് അബ്ദുള്ളക്കുട്ടിയുടെ മതിലും പറമ്പിലെ നിരവധിമരങ്ങളും കാറ്റിൽ തകർന്നുവീണു. കൊടുങ്ങല്ലൂരിൽ നിന്നുള്ള ഫയർഫോഴ്‌സ് ഉദ്യാഗസ്ഥരും നാട്ടുകാരും ചേർന്ന് മരം മുറിച്ചു മാറ്റി. ഇ.ടി. ടൈസൺമാസ്റ്റർ എം.എൽ.എ, ഇ.ജി സുരേന്ദ്രൻ ഉൾപ്പെടെയുള്ള പഞ്ചായത്ത് പ്രസിഡന്റുമാർ, മറ്റു ജനപ്രതിനിധികൾ, റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്ഥലത്തെത്തി. മിനിഞ്ഞാന്ന് അഴീക്കോട് ലൈറ്റ് ഹൗസിന് പടിഞ്ഞാറ് ഭാഗത്താണ് ചുഴലിക്കാറ്റ് നാശം വിതച്ചത്.