കൊടുങ്ങല്ലൂർ: മിനി സിവിൽ സ്റ്റേഷനിലെ നഗരസഭാ ചെയർമാന്റെ മിന്നൽ പരിശോധനയിൽ പട്ടികജാതി വികസന ഓഫീസർ ഉൾപ്പെടെ മൂന്ന് പേർ കുടുങ്ങി. മിനി സിവിൽ സ്റ്റേഷനിലെ കോൺഫറൻസ് ഹാളിൽ നടന്ന താലൂക്ക് വികസന സമിതിയിൽ പങ്കെടുത്ത ശേഷമാണ് അവിടെ തന്നെയുള്ള സർക്കാർ ഓഫീസുകളിൽ ചെയർമാൻ കെ.ആർ ജൈത്രന്റെ പരിശോധന നടന്നത്. മാസത്തിൽ ആദ്യത്തെ ശനിയാഴ്ച്ച ചേരുന്ന താലൂക്ക് വികസന സമിതി യോഗത്തിൽ താലൂക്കിലെ എല്ലാ ഓഫീസ് മേധാവികളും പങ്കെടുക്കണമെന്നാണ് നിയമം. പട്ടികജാതി ഓഫീസർ സ്ഥിരമായി യോഗത്തിൽ പങ്കെടുക്കാറില്ല. ഇന്നലെയും ഇത് ആവർത്തിച്ചു. അതിനാൽ ബ്ലോക്ക് തല പട്ടികജാതി വികസന ഓഫീസിലേക്കാണ് ചെയർമാൻ ആദ്യം എത്തിയത്. ഉച്ചയ്ക്ക് 12 മണിയോടെ ഓഫീസിലെത്തുമ്പോൾ ഓഫീസ് മേധാവിയായ എസ്.സി. വികസന ഓഫീസർ ഹാജരുണ്ടായിരുന്നില്ല.

ലീവിനുള്ള അപേക്ഷയുമുണ്ടായില്ല. ദിവസങ്ങളായി ഹാജരും രേഖപ്പെടുത്തിയിരുന്നില്ല. കീഴ്ജീവനക്കാരായ രണ്ട് കോ ഓർഡിനേറ്റർമാരും ഓഫീസിൽ എത്തിയിരുന്നില്ല. മൂന്ന് പേരും അനധികൃതമായി ജോലിക്ക് ഹാജരാകാതിരിക്കുകയായിരുന്നു. ലീവിനുള്ള അപേക്ഷകളും നൽകിയിരുന്നില്ല. ജൂലായ് 20ന് ശേഷം ആരും ഹാജർ പുസ്തകത്തിൽ ഒപ്പിട്ടിട്ടില്ല. ഇവരെല്ലാം ജൂലായ് മാസത്തെ ശമ്പളം കൃത്യമായി വാങ്ങിയതായി ഹാജരുണ്ടായിരുന്ന താത്കാലിക ജീവനക്കാരി പറഞ്ഞു. കഴിഞ്ഞ മാസം 20 ന് ശേഷം ഇവരെല്ലാം ഓഫീസിൽ വന്നിരുന്നെന്നും ഒപ്പിടാൻ മറന്നു പോയതാകാമെന്നുമാണ് നഗരസഭ ചെയർമാൻ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ജില്ലാ പട്ടികജാതി വികസന ഓഫീസർ പറഞ്ഞത്. കഴിഞ്ഞ മാർച്ച് മാസത്തിൽ മുഴുവൻ ദിവസവും ലീവെടുത്ത് പോയ ഈ ഓഫീസർ പദ്ധതി നിർവഹണത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം 42 ശതമാനം തുക മാത്രമാണ് ചെലവഴിച്ചത്. പട്ടികജാതിക്കാർക്ക് ലഭിക്കേണ്ട പല ആനുകൂല്യങ്ങളും കൃത്യമായി നൽകാൻ ഇദ്ദേഹത്തിന് കഴിയുന്നില്ല എന്ന പരാതിയും ഉയർന്നിരുന്നു.