ഗുരുവായൂർ: കാർഷിക സമൃദ്ധിയുടെ വരവറിയിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ ആഘോഷിച്ചു. അവകാശികളായ മനയത്ത്, അഴീക്കൽ കുടുംബങ്ങളിലെ അംഗങ്ങൾ ചേർന്ന് കതിർക്കറ്റകൾ കിഴക്കെ ഗോപുര കവാടത്തിൽ അരിമാവണിഞ്ഞ് നാക്കില വച്ചതിൽ സമർപ്പിച്ചു. ശാന്തിയേറ്റ കീഴ്ശാന്തി ചെറുതയൂർ ശ്രീജിത്ത് നമ്പൂതിരി കതിർക്കറ്റകളിൽ തീർത്ഥം തളിച്ച് ശുദ്ധിവരുത്തി. തുടർന്ന് ഉണങ്ങലരിയിട്ട ഓട്ടുരുളിയിൽ ആദ്യക്കതിർക്കറ്റകൾ വച്ച് ശാന്തിയേറ്റ കീഴ്ശാന്തി മാഞ്ചിറ കേശവൻ നമ്പൂതിരി തലയിലേന്തി നാലമ്പലത്തിലേക്ക് എഴുന്നള്ളിച്ചു. ഇദ്ദേഹത്തിന് പിറകിലായി 13 കീഴ്ശാന്തി കുടുംബങ്ങളിലെ കീഴ്ശാന്തി നമ്പൂതിരിമാരും ബാക്കി കതിർക്കറ്റകളുമായി നീങ്ങി. തുടർന്ന് കതിർക്കറ്റകൾ തലയിലേന്തി നിരനിരയായി ക്ഷേത്രം പ്രദക്ഷിണം വച്ച് ശ്രീകോവിലിന് മുന്നിലെ നമസ്‌കാര മണ്ഡപത്തിൽ കതിർക്കറ്റകൾ സമർപ്പിച്ചു. ആല്, മാവ്, പ്ലാവ്, അല്ലി, ഇല്ലി, ഒടിച്ചുകുത്തി, ദശപുഷ്പം തുടങ്ങിയ നിറക്കോപ്പുകൾ വച്ച് പൊൻനിറമുള്ള നെൽക്കതിരുകൾ മഹാവിഷ്ണുവിന്റെ മടിയിലിരിക്കുന്ന ലക്ഷ്മീദേവിയായി സങ്കല്പിച്ച് ക്ഷേത്രം മേൽശാന്തി പൊട്ടക്കുഴി കൃഷ്ണൻ നമ്പൂതിരി സർവൈശ്വര്യ പൂജയും ലക്ഷ്മീപൂജയും നടത്തി. പൂജകൾക്ക് ശേഷം ചൈതന്യവത്തായ കതിരുകളിൽ ഒരുപിടി പട്ടിൽ പൊതിഞ്ഞ് ക്ഷേത്രം മേൽശാന്തി ഗുരുവായൂരപ്പന്റെ പാദങ്ങളിൽ സമർപ്പിച്ചു. ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ്, ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, എ.വി. പ്രശാന്ത്, കെ.കെ. രാമചന്ദ്രൻ, പി. ഗോപിനാഥ്, ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ എസ്.വി. ശിശിർ, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ പി. ശങ്കുണ്ണിരാജ്, മാനേജർ കെ.എം. വിനോദ് തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് നെൽക്കതിരുകൾ ഭക്തജനങ്ങൾക്ക് വിതരണം ചെയ്തു. ഇല്ലം നിറയ്ക്ക് ശേഷമുള്ള തൃപ്പുത്തരി ചടങ്ങ് നാളെ നടക്കും. പുതുതായി കൊയ്‌തെടുത്ത നെല്ലിന്റെ അരി ഉപയോഗിച്ച് തയ്യാറാക്കുന്ന പായസം ഗുരുവായൂരപ്പന് നിവേദിക്കുന്നതാണ് ഈ ചടങ്ങ്. പ്രത്യേകം തയ്യാറാക്കുന്ന കടുമാങ്ങയും പത്തിലക്കറിയും പുത്തരിപ്പായസത്തോടൊപ്പം ഉച്ചപൂജയ്ക്ക് നിവേദിക്കും. 1200 ലിറ്റർ പുത്തരിപ്പായസം തയ്യാറാക്കാൻ ദേവസ്വം സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.