ചാവക്കാട്: സി.പി.എം പ്രവർത്തകർ പ്രതിസ്ഥാനത്തുള്ള കേസുകളിൽ കാണിക്കുന്ന വൈമനസ്യം തന്നെയാണ് എസ്.ഡി.പി.ഐക്കാർ പ്രതിയായ നൗഷാദിന്റെ കേസിലും സർക്കാർ കാട്ടുന്നതെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് എം.എം. ഹസ്സൻ. പുന്നയിൽ കൊലചെയ്യപ്പെട്ട കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് നൗഷാദിന്റെ വീട്ടിലെത്തിയ ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇപ്പോൾ പിടിയിലായിട്ടുള്ളത് വാഹനം ഓടിച്ചിരുന്ന ആളാണെന്നാണ് അറിയാൻ കഴിഞ്ഞത്. നൗഷാദിന്റെ കുടുംബത്തെ കോൺഗ്രസ് പാർട്ടി സംരക്ഷിക്കും. ഇതിനായി ബ്ലോക്ക് പ്രസിഡന്റിന്റെയും മണ്ഡലം പ്രസിഡന്റിന്റെയും പേരിൽ അക്കൗണ്ട് തുടങ്ങി നൗഷാദ് കുടുംബ സഹായ ഫണ്ട് പാർട്ടി രൂപീകരിച്ചിട്ടുണ്ടെന്നും എല്ലാ കോൺഗ്രസ് പ്രവർത്തകരും സഹായം എത്തിക്കണമെന്നും എം.എം. ഹസ്സൻ അഭ്യർത്ഥിച്ചു.

ഡി.സി.സി മുൻ പ്രസിഡന്റ് ഒ. അബ്ദു റഹിമാൻകുട്ടി, ഡി.സി.സി വൈസ് പ്രസിഡന്റുമാരായ ജോസഫ് ടാജറ്റ്, ജോസ് വള്ളൂർ, ഡി.സി.സി ജനറൽ സെക്രട്ടറി ടി.എം. നാസർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.എ. ഗോപപ്രതാപൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.വി. ഷാനവാസ്, യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.കെ. ഷിബു എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.