കൊടകര: മഴപെയ്താൽ വെള്ളക്കെട്ട് രൂക്ഷമാകുന്ന ദേശീയപാത സർവീസ് റോഡിലൂടെയുള്ള യാത്ര ജനങ്ങൾക്ക് ദുരിതമാകുന്നു. കൊടകര മേൽപ്പാലത്തിനു സമീപം സെന്റ് ജോസഫ് പള്ളിക്കു പുറകിലായി സർവീസ് റോഡരികിൽ കെട്ടിക്കിടക്കുന്ന അഴുക്ക് വെള്ളമാണ് യാത്രക്കാർക്ക് ദുരിതമാകുന്നത്. മഴവെള്ളം ഒഴുകി പോകാനുള്ള ഡ്രൈനേജ് സംവിധാനത്തിന്റെ അപാകതയാണ് വെള്ളക്കെട്ടിനിടയാക്കിയത്.
ടൗണിൽ നിന്നെത്തുന്ന ഓടയുടെ നിർമാണം ശാന്തി ആശുപത്രിക്കു മുൻപിലെ കടകൾക്ക് പുറകിലായി അവസാനിച്ചിരിക്കുകയാണ്. ഈ ഓടയിലൂടെ ഒഴുകിയെത്തുന്ന മാലിന്യം കലർന്ന മഴവെള്ളമാണ് റോഡിൽ കെട്ടികിടക്കുന്നത്. മഴക്കാല ജന്യ രോഗങ്ങൾ പടർന്നു പിടിക്കുന്നതിന് സൗകര്യം ഒരുക്കുകയാണ് ഈ വെള്ളക്കെട്ട്.
വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള യാത്രക്കാർക്ക് വെള്ളക്കെട്ട് കടന്നുവേണം സഞ്ചരിക്കാൻ. നിരവധി പ്രതിഷേധങ്ങൾ നടത്തിയെങ്കിലും അധികൃതർ പരിഹാരം കാണുന്നതിന് നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. ഓടയിലെ അഴുക്കുവെള്ളത്തിനു പുറമെ ബസ് സ്റ്റോപ്പിനായി ഏറ്റെടുത്ത സ്ഥലത്ത് മാലിന്യ നിക്ഷേപവും പതിവാണ്. വർഷക്കാലമായതോടെ ഈ സ്ഥലം കാട് പിടിച്ച് കിടക്കുകയാണ്. മാലിന്യവും അഴുക്കുവെള്ളവും കെട്ടിക്കിടക്കുന്നത് കൊതുക് വളരുന്നതിനും രോഗങ്ങൾ പടരുന്നതിനും ഇടവരുത്തുമെന്ന ആശങ്കയുണ്ട്. വെള്ളക്കെട്ടില്ലാത്തവിധം ഡ്രൈനേജ് ഒരുക്കി സർവീസ് റോഡിലൂടെയുള്ള യാത്ര സുഗമമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
......................................................
കാരണവും രോഗഭീതിയും
വെള്ളക്കെട്ടിന് കാരണമാകുന്നത് ഡ്രൈനേജ് സംവിധാനത്തിന്റെ അപാകത
കെട്ടിക്കിടക്കുന്നത് ഓടയിലൂടെ ഒഴുകിയെത്തുന്ന മാലിന്യം കലർന്ന മഴവെള്ളം
ബസ് സ്റ്റോപ്പിനായി ഏറ്റെടുത്ത സ്ഥലത്ത് മാലിന്യ നിക്ഷേപവും പതിവ്
സ്ഥലം കാട് പിടിച്ച് കിടക്കുന്നതും രോഗങ്ങൾ പടരാൻ ഇടയാക്കുന്നു