തൃശൂർ: ശ്രീനാരായണ ഗുരുദേവൻ വിഭാവനം ചെയ്ത അദ്ധ്യാത്മ ചിന്താപദ്ധതിയുടെ ഭാഗമായ ക്ഷേത്ര സംസ്‌കാരം ഗുരുദേവ ഭക്തൻമാർ പ്രായോഗികമാക്കണമെന്ന് ചാലക്കുടി ഗുരു ചൈതന്യമഠം മഠാധിപതി സച്ചിദാനന്ദ സ്വാമികൾ പറഞ്ഞു. ഗുരു ചൈതന്യ മഠത്തിന്റെയും ചാലക്കുടി ഗായത്രി ആശ്രമത്തിന്റെയും ആഭിമുഖ്യത്തിൽ ആരംഭിച്ച ആറമ്പല ദർശന തീർത്ഥയാത്രയ്ക്ക് കൂർക്കഞ്ചേരി ശ്രീ മാഹേശ്വര ക്ഷേത്രത്തിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു സ്വാമികൾ. പി.കെ. ബാബു, തോപ്പിൽ പീതാംബരൻ, കെ.കെ. ബാബു, കെ.വി. ജിനേഷ്, പി.എസ്. ഉൻമേഷ്, ആനന്ദപ്രസാദ് എന്നിവർ ചേർന്ന് തീർത്ഥാടന സംഘത്തെ സ്വീകരിച്ചു. ഗുരുമന്ദിര പർണശാലയിൽ ഗുരുനാമാർച്ചനയും സമൂഹപ്രാർത്ഥനയും ഗുരുപൂജയും തീർത്ഥാടന സംഘം നടത്തി.