തൃശൂർ: കാർഷിക സർവകലാശാലയ്ക്ക് അർഹതപ്പെട്ട കോഴ്‌സുകൾ എം.ജി സർവകലാശാല കൊണ്ടുപോകുകയാണെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽ കുമാർ പറഞ്ഞു. കാർഷിക സർവകലാശാല വെളളാനിക്കര കാമ്പസിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. നിയമ പ്രകാരം കാർഷിക സർവകലാശാലയ്ക്ക് അവകാശപ്പെട്ട ജൈവ കൃഷിയുമായി ബന്ധപ്പെട്ട കോഴ്‌സുകളാണ് എം.ജി സർവകലാശാല ആരംഭിച്ചത്. ഇത് സംബന്ധിച്ച വിവരങ്ങൾ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. കാർഷിക സർവകലാശാലയുടെ കോഴ്‌സുകൾക്ക് എങ്ങനെ എം.ജി സർവകലാശാല അംഗീകാരം നേടിയെന്ന് അന്വേഷിക്കുമെന്നും കേരളത്തിൽ വിവിധ കാർഷിക കോഴ്‌സുകളുടെ വിടവ് നികത്താനുണ്ടെന്നും ഇതിൽ കാർഷിക സർവകലാശാല കാണിക്കുന്ന അമാന്തം മറ്റുള്ളവർ മുതലെടുക്കുകയാണെന്നും കാർഷിക സർവകലാശാല കൃത്യ സമയത്ത് കോഴ്സുകൾ തുടങ്ങിയാൽ ഈ പ്രവണത കുറയുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് 2016 മുതൽ കാലാവസ്ഥാ വ്യതിയാനം ഉൽപാദനത്തെയും ഉല്പാദന മികവിനെയും ബാധിച്ചെന്നും വി.എഫ്.പി.സി.കെയുടെ സഹകരണത്തിലൂടെ തൃശൂരിൽ കയറ്റുമതി ലക്ഷ്യമിട്ട് 500 ഹെക്ടറിൽ കർഷകരെക്കൊണ്ട് നേന്ത്രവാഴക്കൃഷി നടപ്പിലാക്കാൻ പദ്ധതി ആവിഷ്‌കരിച്ചെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചീഫ് വിപ്പ് കെ. രാജൻ എം.എൽ.എ. അദ്ധ്യക്ഷനായി. വൈസ് ചാൻസലർ ഡോ. ആർ.ആർ. ചന്ദ്രബാബു പദ്ധതികൾ വിശദീകരിച്ചു.