കയ്പ്പമംഗലം: അടച്ചുപ്പൂട്ടിയ ചെന്ത്രാപ്പിന്നിയിലെ കെ.എസ്.ഇ.ബി സബ് എൻജിനിയർ ഓഫീസിന്റെ പ്രവർത്തനം പുനരാരംഭിക്കണമെന്ന് ആവശ്യമുയരുന്നു. കയ്പ്പമംഗലം സെക്‌ഷൻ ഓഫീസിന് കീഴിൽ 2004ലാണ് ചെന്ത്രാപ്പിന്നിയിൽ ഈ ഓഫീസ് പ്രവർത്തനം തുടങ്ങിയത്. വലപ്പാട്, എടത്തിരുത്തി പഞ്ചായത്തുകളിലെ 16 ഓളം വാർഡുകളിലെ ഉപഭോക്താക്കൾക്ക് സഹായകമായാണ് ഈ സബ് സെന്റർ ഓഫീസ് പ്രവർത്തിച്ചു വന്നിരുന്നത്. മേഖലയിലെ 500 ൽപരം ഉപഭോക്താക്കളുടെ വൈദ്യുതി കൺസ്യൂമർ ബില്ലുകൾ അടക്കാനുള്ള കളക്‌ഷൻ സെന്റർ മാത്രമല്ല കംപ്ലയിന്റ്, മെയിന്റനൻസ് വർക്കുകളായി ഒരു സബ് എൻജിനിയറുടെ കീഴിൽ ലൈൻമാൻമാരുടെ സേവനവും ലഭ്യമായിരുന്നു. ഇലക്ട്രിക് ലൈൻ മെറ്റീരിയലുകളും ഇവിടെ സൂക്ഷിച്ചുവച്ചിരുന്നു. എന്നാൽ എടത്തിരുത്തി പഞ്ചായത്ത് മൃഗാശുപത്രി കെട്ടിടത്തിന്റെ മുകളിലെ നിലയിൽ പ്രവർത്തിച്ചിരുന്ന ഓഫീസ് ഏഴ് മാസത്തിലേറെയായി അടച്ചു പൂട്ടിയ നിലയിലാണ്. തുറന്നു പ്രവർത്തിക്കുന്നതിനായി നിരവധി സംഘടനകളും രാഷ്ട്രീയപ്രസ്ഥാനങ്ങളും പ്രതിഷേധ സമരങ്ങളും നടത്തിയിരുന്നു.
2004 ൽ കെ. മുരളീധരൻ വൈദ്യുതി മന്ത്രിയായിരിക്കുമ്പോഴാണ് സബ് എൻജിനിയറുടെ ഓഫീസ് ചെന്ത്രാപ്പിന്നിയിൽ ആരംഭിച്ചത്. എന്നാൽ ഇപ്പോഴത്തെ പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥയും പിടിപ്പുകേടുമാണ് ഓഫീസ് അടച്ചുപൂട്ടാനിടയാക്കിയത്.
- ഉമറുൽ ഫാറുഖ് (എടത്തിരുത്തി പഞ്ചായത്തംഗം, കോൺഗ്രസ് ചെന്ത്രാപ്പിന്നി മണ്ഡലം പ്രസിഡന്റ്)
വൈദ്യുതി ലൈൻ തകരാറു സംഭവിച്ചാൽ ഉടനടി പരിഹരിക്കാനുള്ള സംവിധാനമാണ് ഓഫീസ് അടച്ചുപൂട്ടിയതുമൂലം ഇല്ലാതായത്.
സബ് സെന്റർ ഓഫീസ് എത്രയും പെട്ടെന്ന് പുനസ്ഥാപിക്കണം
- ഷാജിലാൽ തേവർക്കാട്ടിൽ ( ബി.ജെ.പി എടത്തിരുത്തി മണ്ഡലം പ്രസിഡന്റ്)
കാഷിയർ, ലൈൻമാൻ സ്റ്റാഫുകളുടെ അപര്യാപ്തതയാണ് ചെന്ത്രാപ്പിന്നി ഓഫീസ് നിറുത്തലാക്കാൻ ഒരു കാരണം. മൂന്ന് കാഷിയർ വേണ്ടിടത്ത് ഇപ്പോൾ രണ്ട് പേരാണ് ഉള്ളത്.
- സജിത്ത് (കെ.എസ്.ഇ.ബി കയ്പ്പമംഗലം സെക്‌ഷൻ എ.ഇ)
ഓൺലൈനിൽ ബിൽ അടക്കുവാനുള്ള സംവിധാനങ്ങൾ വന്നതോടെ വളരെ കുറച്ച് ആളുകൾ മാത്രമേ ഈ ഓഫീസിൽ ബിൽ അടക്കുവാൻ എത്തുന്നുള്ളൂ. കേരളത്തിലെ എത് സെക്‌ഷൻ ഓഫീസുകളിലും മറ്റു സ്ഥലത്തെ ഇലക്ട്രിസിറ്റി ബിൽ അടക്കുവാൻ സാധിക്കും. ഓഫീസ് പുനസ്ഥാപിക്കേണ്ട കാര്യം വകുപ്പു തലത്തിലാണ് തീരുമാനിക്കേണ്ടത്.
- ഇരിങ്ങാലക്കുട ഡെപ്യൂട്ടി ചീഫ് എൻജിനിയർ