- തുടക്കത്തിൽ പരിശീലനം നൽകിയത് അമ്പത് സ്ത്രീകൾക്ക്
- വിപുലീകരണം നടന്നില്ല
- ഗ്രൂപ്പ് തിരിഞ്ഞുള്ള പ്രവർത്തനം നിലച്ചു
തൃശൂർ: വർദ്ധിക്കുന്ന ഗാർഹിക പീഡനങ്ങളും കുട്ടികൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളും തടയുന്നതിനും സ്വയം രക്ഷയ്ക്കുമായി ആവിഷ്‌കരിച്ച നിർഭയ പദ്ധതി ജില്ലയിൽ നിർജീവം. തൃശൂർ സിറ്റി പൊലീസാണ് ഒന്നര വർഷം മുമ്പ് പദ്ധതി തുടങ്ങിയത്. എന്നാൽ ഇവരുടെ ദൈന്യംദിന പ്രവർത്തനങ്ങൾ നിലയ്ക്കുകയും പ്രധാന പരിപാടികളിൽ സുരക്ഷയൊരുക്കുക മാത്രമായി ചുരുങ്ങി.
കുടുംബശ്രീ അംഗങ്ങൾ, ആശാ വർക്കർമാർ, സാമൂഹിക സേവന സംഘടനകളിൽ പ്രവർത്തിക്കുന്നവർ ഉൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള അമ്പതോളം സ്ത്രീകൾക്കാണ് സിറ്റി പൊലീസിന്റെ നേതൃത്വത്തിൽ പരിശീലനം നൽകിയത്. പൊലീസ്, ഫയർ, നിയമ വിദഗ്ദ്ധർ തുടങ്ങി വിവിധ മേഖലയിലുള്ളവരാണ് ക്ലാസുകൾ നയിച്ചത്. പൊലീസ് അക്കാഡമിയിൽ വച്ചായിരുന്നു പരിശീലനം. പ്രാഥമികമായ കായിക പരിശീലനവും നൽകിയിരുന്നു.
ജില്ലയിലെ പ്രധാന പരിപാടികളായ തൃശൂർ പൂരം, പുലിക്കളി തുടങ്ങിയവയിൽ പങ്കെടുക്കുന്ന സ്ത്രീകൾക്ക് സുരക്ഷ ഒരുക്കുന്നതിനും നിയോഗിച്ചിരുന്നു. ഇതിനു പുറമേ അഞ്ച് ഗ്രൂപ്പുകളായി വിഭജിച്ച് തിരഞ്ഞെടുത്ത പൊലീസ് സ്റ്റേഷനുകളിൽ വിന്യസിപ്പിക്കാനായിരുന്നു തീരുമാനം. എന്നാൽ ഇത് പൂർണമായി നടപ്പിലാക്കാൻ സാധിച്ചില്ല. പലരും സേവന തത്പരരായി രംഗത്തെത്തുന്നുണ്ടെങ്കിലും മാർഗനിർദ്ദേശം നൽകുന്നതിലെ പോരായ്മകളാണ് പ്രവർത്തനം നിലയ്ക്കാൻ കാരണം.
ലക്ഷ്യം
പ്രവർത്തന മേഖലകളിൽ സ്ത്രീകൾ നേരിടുന്ന മാനസികവും ശാരീരികവുമായ പീഡനങ്ങളും മറ്റും കണ്ടെത്തി അത് ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ കൊണ്ടുവരികയും അതോടൊപ്പം പെട്ടന്നുണ്ടാകുന്ന സത്രീകൾക്കെതിരെയുള്ള പ്രശ്‌നങ്ങളിൽ പൊലീസ് എത്തും മുമ്പ് ഇടപെട്ട് പരിപാരം കണ്ടെത്തുകയുമാണ് ഉദ്ദേശിച്ചിരുന്നത്.
നിർഭയയുടെ ചുമതല
നിർഭയയുടെ പ്രവർത്തനം തൃശൂർ വനിതാ സെല്ലിന് കീഴിലായിരുന്നു. സി.ഐക്കായിരുന്നു ചുമതല. നിർഭയയുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി ഓരോ ഗ്രൂപ്പിനും ഒരോ വനിതാ പൊലീസുകാർക്കും ചുമതല നൽകിയിരുന്നു. എന്നാൽ വനിതാ സെല്ലിൽ വേണ്ടത്ര അംഗബലം ഇല്ലാതായതോടെ നിർഭയ നിലച്ചു. സി.ഐയും നാലു വനിതാ പൊലീസുകാരും മാത്രമാണ് ഇപ്പോൾ വനിതാ സെല്ലിലുള്ളത്. എസ്.ഐമാർ ഇല്ലാതായിട്ടിട്ട് മാസങ്ങളായി. രണ്ട് എസ്.ഐമാരാണ് വേണ്ടത്.