തൃശൂർ ; വനം വന്യജീവി വകുപ്പ് സംബന്ധമായ പൊതുജനങ്ങളുടെ പരാതികൾക്ക് പരിഹാരം കാണുന്നതിന് വനംവകുപ്പ് സംഘടിപ്പിക്കുന്ന ജില്ലയിലെ അദാലത്ത് ചാലക്കുടി മുനിസിപ്പൽ ടൗൺ ഹാളിൽ സെപ്തംബർ രണ്ടിന് നടക്കും. പട്ടയസംബന്ധമായ പരാതികൾ ഒഴികെ എല്ലാ പരാതികളും പരിഗണിക്കും. വനംവകുപ്പിന് പുറമേ കൃഷി, തദ്ദേശസ്വയംഭരണം, ആദിവാസി ക്ഷേമം തുടങ്ങിയ വകുപ്പുകളും അദാലത്തിൽ പങ്കെടുക്കും. അദാലത്തിന് ഒരാഴ്ച മുമ്പ് വരെ സമർപ്പിക്കുന്ന പരാതികളും അപേക്ഷകളും പരിഗണിക്കും. പരാതികൾ, അനുബന്ധ രേഖകൾ സഹിതം തൊട്ടടുത്ത വനംവകുപ്പ് ഓഫീസിലോ ഇ ഡിസ്ട്രിക്ട് മുഖേന ഓൺലൈനായോ സമർപ്പിക്കാം. പരാതിക്കാരന്റെ മേൽവിലാസവും ഫോൺനമ്പറും അപേക്ഷകളിൽ രേഖപ്പെടുത്തണം.