ചെറുതുരുത്തി: പാലക്കാട് ജില്ലയിലെ ഷൊർണൂരിൽ നിന്ന് കൊച്ചിൻ പാലവും കടന്ന് തൃശൂർ ജില്ലയിലേക്ക് പ്രവേശിക്കുന്നവർക്ക് ആദ്യം കാണാൻ കഴിയുക കാലം വികൃതമാക്കപ്പെട്ട കറേയേറെ തിരശേഷിപ്പുകളാണ്. മാറി മാറി വരുന്ന ഭരണകൂടങ്ങൾ പ്രഖ്യാപനങ്ങൾ ഏറെ നടത്തിയെങ്കിലും ഒന്നു പോലും വെളിച്ചം കണ്ടില്ലെന്നതിന്റെ യാഥാർത്ഥ്യമായവ നിലകൊള്ളുന്നു.
രണ്ടു ജില്ലകളെ തമ്മിൽ വേർതിരിക്കുന്ന പഴയ കൊച്ചിൻ പാലം സമാധിപൂണ്ട് ഈ നവംബർ 9ന് 18 വർഷം പൂർത്തിയാവുകയാണ്. നൂറ്റാണ്ടുകൾ പിന്നിട്ട പാലം തകർന്നതോടെ പുതിയ പാലം നിർമ്മിച്ചെങ്കിലും പഴയ കൊച്ചിൻ പാലം സംരക്ഷിക്കുമെന്നായിരുന്നു ഭരണാധികാരികളുടെ ഉറപ്പ്. നടപ്പാലമാക്കുക, മേൽക്കൂരയും ഇരിപ്പിടങ്ങളും നിർമ്മിച്ച് നിളയുടെ സൗന്ദര്യവും സൂര്യാസ്തമയവും കാണാൻ സൗകര്യമൊരുക്കുക അങ്ങിനെ നീണ്ടു വാഗ്ദാനങ്ങൾ. പക്ഷെ അവയെല്ലാം വാഗ്ദാനങ്ങളായി തന്നെ മാറി. കഴിഞ്ഞ പ്രളയകാലത്ത് ഒരു സ്പാനുകൂടി തകർന്നതോടെ പുനർനിർമ്മിക്കാൻ കഴിയാത്ത രീതിയിൽ തകർച്ച പൂർണ്ണമാവുകയും ചെയ്തു. വില പിടിപ്പുള്ള ചെമ്പുകമ്പി ഉൾപ്പെടെയുള്ളവ സാമൂഹിക വിരുദ്ധർ ഊരിമാറ്റി. പൊളിച്ചെടുത്താൽ അലൂമിനിയം തകിടുൾപ്പെടെ ലക്ഷങ്ങൾ വിലമതിക്കുന്ന സാമഗ്രികൾ ഇനിയും ലഭിക്കുമെന്ന് പഴമക്കാർ പറയുന്നു.
പാലത്തിന്റെ 300 മീറ്റർ നീളം പിന്നിട്ട് തൃശൂർ ജില്ലയിലേക്കു പ്രവേശിച്ചാൽ ആദ്യം കാണുക തകർന്നു നിലം പൊത്തിയ പഴയ ഫോറസ്റ്റ് സ്റ്റേഷനും പൊലീസ് പിടിച്ചെടുത്ത ചെറുതും വലുതുമായ വാഹനങ്ങളുടെ കൂമ്പാരവുമാണ്. ഈ സ്ഥലത്താണ് വർഷങ്ങൾക്കു മുൻപ് പാർക്കും മറ്റു സൗകര്യങ്ങളും പ്രഖ്യാപിച്ചത്. ഇവയെല്ലാം യാഥാർത്ഥ്യമാകുമെന്ന് സ്വപ്നം കണ്ടുറങ്ങിയവർ പറ്റിക്കപ്പെട്ടതുമാത്രമാണ് ഫലം.
പഴയ കൊച്ചിൻ പാലത്തിനു സമീപം നിളയിലേക്കിറങ്ങാനുണ്ടായിരുന്ന വഴി പോലും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലായി. പുഴയോരത്ത് ഇരിക്കാൻ ഒരു തരി മണൽ പോലുമില്ലാതെ പരിസരം കാടുപിടിച്ചതും മറ്റൊരു കാഴ്ചയാണ്. അധികൃതർ തുടരുന്ന മൗനത്തിൽ നിളയോരത്തിന്റെ ഭംഗിയും മെല്ലെ മെല്ലെ ഇല്ലാതാകുന്ന കാഴ്ചയാണിപ്പോൾ.
......................................
എതിർപ്പുകളെ അവഗണിച്ച് പാലം നിർമ്മാണം
117 വർഷം മുൻപ് മലബാറിനെയും തിരുകൊച്ചിയേയും ബന്ധിപ്പിച്ച് കൊച്ചി മഹാരാജാവായിരുന്ന രാമവർമ്മയുടെ കാലത്താണ് കൊട്ടാരത്തിൽ നിന്നു പോലുമുള്ള എതിർപ്പുകളെ അവഗണിച്ച് കൊച്ചിൻ പാലം നിർമ്മിച്ചത്. 84 ലക്ഷം രൂപയായിരുന്നു ചെലവ്. ആദ്യകാലത്ത് ചരക്കു വണ്ടികളും യാത്രാ വണ്ടികളും പോയിരുന്ന പാലം പിന്നീട് തൊട്ടപ്പുറത്ത് പാലം പണിത ശേഷമാണ് റയിൽ പാലമെന്നത് മാറ്റി ബസുൾപ്പെടെയുള്ള വാഹനങ്ങൾക്ക് പോകാൻ കഴിയുന്നതായി രൂപമാറ്റം സംഭവിച്ചത്.