vetenery-hospital-in-wate
പെരിഞ്ഞനം സർക്കാർ മൃഗാശുപത്രിയിലേക്കുള്ള റോഡിൽ വെള്ളം കയറിയ നിലയിൽ

കയ്പ്പമംഗലം: കനത്ത മഴയിൽ തീരദേശത്തിന്റെ ചില ഭാഗങ്ങളും റോഡുകളും വെള്ളത്തിനടിയിലായി. രണ്ടു ദിവസമായി തുടരുന്ന മഴയിൽ എടത്തിരുത്തി, കയ്പ്പമംഗലം, പെരിഞ്ഞനം മേഖയിലെ റോഡുകളും താഴ്ന്ന പ്രദേശങ്ങളുമാണ് വെള്ളത്തിലായത്. പെരിഞ്ഞനത്തെ സർക്കാർ മൃഗാശുപത്രിയിലേക്കുള്ള റോഡിൽ വെള്ളം കയറി.

മുട്ടിനും മുകൾ ഭാഗം വരെ എന്ന നിലയിലാണ് മൃഗാശുപത്രിയിലേക്ക് വരുന്നവർ വെള്ളം നീന്തി കടക്കുന്നത്. ദേശീയപാത 66 പെരിഞ്ഞനം സെന്ററിലുള്ള ഇക്കോഷോപ്പിന് മുന്നിലുള്ള ബസ് സ്റ്റോപ്പിലും വെള്ളം കയറിയത് യാത്രക്കാർക്ക് ബുദ്ധിമുട്ടായി. കയ്പ്പമംഗലം വഴിയമ്പലം പടിഞ്ഞാട്ടുള്ള വഴി, എടത്തിരുത്തി കോഴിത്തുമ്പ്, ചളിങ്ങാട്, കാളമുറി പടിഞ്ഞാറ് പൂത്തൂർ ക്ഷേത്രത്തിന് അടുത്തുള്ള ചില റോഡുകളിലും വെള്ളക്കെട്ടുണ്ട്.

കനത്ത മഴയിലും കാറ്റിലും ദേശീയപാതയിൽ നിന്നും കയ്പ്പമംഗലം ഗാർഡിയൻ ആശുപത്രിയിലേക്കുള്ള റോഡിൽ മതിൽ ഇടിഞ്ഞ് വീണ് ഗതാഗതം രണ്ടു മണിക്കൂറോളം സ്തംഭിച്ചു. കയ്പ്പമംഗലം വൻപറമ്പിൽ ക്ഷേത്രത്തിന്റെ നടപ്പന്തലിലേക്ക് തെങ്ങ് വീണെങ്കിലും നാശനഷ്ടങ്ങളൊന്നുമുണ്ടായില്ല.