ചാവക്കാട്: കടപ്പുറം പഞ്ചായത്തിൽ ലക്ഷങ്ങൾ ചെലവിട്ട് മണൽബാഗ് നിരത്തിയത് വീടുകൾ ഇല്ലാത്ത ഭാഗത്തെന്ന് ആക്ഷേപം. പഞ്ചായത്തിലെ ബ്ലാങ്ങാട് ലൈറ്റ് ഹൗസ് മുതൽ ചേറ്റുവ അഴിമുഖം വരെയുള്ള ഭാഗത്തെ കടൽഭിത്തി തകർന്നിട്ട് 13 വർഷമായി. വർഷങ്ങൾ പിന്നിട്ടിട്ടും കടൽഭിത്തി കെട്ടാതിരിക്കുന്നതിനാൽ വർഷാവർഷം കടൽക്ഷോഭം ഉണ്ടാകുമ്പോൾ നാശനഷ്ടവും പതിവാണ്. ഈ വർഷം കടൽക്ഷോഭം ഉണ്ടായപ്പോൾ എം.പിയും ജില്ലാ കളക്ടറും സ്ഥലം സന്ദർശിച്ച് 70 മീറ്റർ നീളത്തിൽ നാല് സ്ഥലങ്ങളിൽ മണൽചാക്ക് നിരത്തുമെന്ന് പറഞ്ഞിരുന്നു. എന്നാൽ വെളിച്ചെണ്ണ പടിക്ക് അല്പം മാറി 70 മീറ്റർ നീളത്തിൽ മണൽചാക്ക് നിരത്തിയെങ്കിലും ആ ഭാഗത്ത് വീടുകൾ ഇല്ല. വേലിയേറ്റ സമയത്ത് വീടുകളുടെ അടുത്തേക്ക് കടൽവെള്ളം കയറുന്നുണ്ടെങ്കിലും ഇവിടെ മണൽചാക്കുകൾ നിരത്തൽ ആരംഭിച്ചിട്ടില്ല. അതിനാൽ എത്രയും പെട്ടെന്ന് ആവശ്യമുള്ള ഭാഗത്ത് തന്നെ മണൽചാക്ക് നിരത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.