തൃശൂർ: ഇടതുപക്ഷ സർക്കാർ നിയമിച്ച കേരളസംഗീതനാടക അക്കാഡമി സെക്രട്ടറിക്കെതിരെ സി.ഐ.ടി.യുവിന്റെ പ്രതിഷേധ മാർച്ച്. ജീവനക്കാരന്റെ അർഹമായ പ്രമോഷൻ തടഞ്ഞ് ഡെപ്യൂട്ടേഷനിൽ മറ്റൊരാളെ നിയമിച്ച സംഗീത നാടക അക്കാഡമി സെക്രട്ടറിയുടെ നടപടിയിൽ പ്രതിഷേധിച്ചാണ് അക്കാഡമി എംപ്ലോയീസ് യൂണിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തിയത്. സംഗീതനാടക അക്കാഡമിയിലെ ഒഴിവുവന്ന സൂപ്രണ്ട് തസ്തികയിലേക്ക് നിലവിലുളള കീഴ്‌വഴക്കങ്ങളും ജീവനക്കാരുടെ സർക്കാർ അംഗീകരിച്ച സേവന വേതനവ്യവസ്ഥകളും, ഹൈക്കോടതി വിധിയും ലംഘിച്ച് ഡെപ്യൂട്ടേഷനിൽ ആളെ കൊണ്ടുവന്നു നിയമിച്ചതിനെതിരെയാണ് സമരം.
യു.ഡി ക്ലാർക്ക് ആയി ജോലി ചെയ്തുവരുന്ന ഷാജി ജോസഫ് അക്കൗണ്ട് ടെസ്റ്റ് ലോവറും എം.ഒ.പി.യും പാസായി പ്രമോഷന് എല്ലാ അർഹതയും നേടിയ ആളാണെന്ന് യൂണിയൻ നേതാക്കൾ പറഞ്ഞു. ഷാജിയെ നിയമിക്കാത്തതിൽ പ്രതിഷേധിച്ചു നടന്ന പ്രകടനം സംഗീതനാടക അക്കാഡമി ഓഫീസിലെത്തി അക്കാഡമി ഭാരവാഹികൾക്ക് നിവേദനം സമർപ്പിച്ചു. പ്രതിഷേധ പ്രകടനം സി.ഐ.ടി.യു തൃശൂർ ഏരിയ സെക്രട്ടറി ടി. സുധാകരൻ ഉദ്ഘാടനം ചെയ്തു. അക്കാഡമി എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് എം.കെ. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. രാജേന്ദ്രൻ സംസാരിച്ചു. പ്രകടനത്തിന് കെ.എച്ച്. ഹാജു, കെ.എസ്. സുനിൽകുമാർ, മനീഷ പാങ്ങിൽ, വി.കെ. അനിൽകുമാർ, പി.വി. സുഭാഷ്, കെ. മനോജൻ എന്നിവർ നേതൃത്വം നൽകി. യൂണിയൻ നേതാക്കളുമായി നടത്തിയ ചർച്ചയിൽ തീരുമാനം പുനഃപരിശോധിക്കാമെന്ന് അക്കാഡമി ഭാരവാഹികൾ ഉറപ്പുനൽകി.