കൊടുങ്ങല്ലൂർ: നഗരത്തോട് ചേർന്ന് പേ പാർക്കിംഗ് സംവിധാനത്തിനുള്ള ഒരുക്കം തുടങ്ങി. വടക്കെനടയിൽ താലൂക്ക് ആശുപത്രി വക സ്ഥലത്തെ പേ പാർക്കിംഗ് ഏരിയയ്ക്ക് എതിർവശത്ത് കെ.ആർ ബേക്‌സിനോട് ചേർന്നുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലമാണ് തെരഞ്ഞെടുത്തിട്ടുള്ളത്. ഇവിടെ ഇന്നലെ സ്ഥലമൊരുക്കൽ പ്രവൃത്തി ആരംഭിച്ചു. ഈ ഭാഗത്തെ പെട്ടിക്കടകളും മറ്റും നീക്കം ചെയ്താണ് ഒരേക്കറിലധികമുള്ള സ്വകാര്യ ഭൂമിയിൽ സ്ഥലമൊരുക്കൽ ആരംഭിച്ചത്. ഇവിടേക്കുള്ള പ്രവേശന കവാടത്തോട് ചേർന്നുള്ള പൊതുകാനയ്ക്ക് മീതെ പുതുതായി സ്‌ളാബുകൾ നിർമ്മിച്ച് നൽകാൻ നഗരസഭ പദ്ധതി തയ്യാറാക്കി. ആഗസ്റ്റ് അവസാനത്തോടെ സ്‌ളാബിടൽ പൂർത്തിയാകും. അതോടെ പേ പാർക്കിംഗ് ആരംഭിച്ചേക്കും. വാഹന പാർക്കിംഗിന് സ്ഥലമില്ലാത്തതിന്റെ പേരിൽ വടക്കേ നടയിലെ വ്യാപാരികൾക്ക് ഉപഭോക്താക്കളെ നഷ്ടപ്പെടുന്ന അവസ്ഥയ്ക്ക് പരിഹാരം കാണുകയെന്ന ലക്ഷ്യവും പദ്ധതിക്ക് പിന്നിലുണ്ട്. പാർക്കിംഗ് ഫീസ് വ്യാപാര സ്ഥാപനങ്ങളിലൂടെ, ഉപഭോക്താക്കൾ തിരികെ ലഭിക്കാനുള്ള സൗകര്യവും കൂടി ഉറപ്പാക്കിയാണ് പദ്ധതിയെന്ന് നഗരസഭാ ചെയർമാൻ കെ.ആർ ജൈത്രൻ പറഞ്ഞു. അതു വഴി ഉപഭോക്താക്കൾക്ക് സൗജന്യമായി വാഹനം പാർക്ക് ചെയ്യാം. നഗരത്തിൽ മറ്റാവശ്യങ്ങൾക്കായി എത്തുന്നവർക്ക് മിതമായ നിരക്കിൽ വാഹനം പാർക്ക് ചെയ്യാം. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനം ഉൾക്കൊണ്ട് വടക്കെനടയിൽ പ്രത്യേകിച്ച് റോഡിന് കിഴക്ക് ഭാഗത്ത് വാഹനങ്ങളുടെ പാർക്കിംഗ് പൂർണ്ണമായും നിരോധിക്കുന്നതിന്റെ ഭാഗമാണീ പദ്ധതി.