ഗുരുവായൂർ: വയനാട്ടിലുണ്ടായ വാഹനാപകടത്തിൽ ഗുരുവായൂർ സ്വദേശിയായ കലാകാരൻ മരണപ്പെട്ടു. നഗരസഭ പൂക്കോട് സോണൽ ഓഫീസിന് സമീപം പുതുശേരി വീട്ടിൽ മധുസൂദനനാണ് (55) മരണപ്പെട്ടത്. വയനാട് തോൽപ്പെട്ടിക്ക് സമീപമായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ നായ്ക്കട്ടി പാലത്തിൽ നിന്നും താഴേയ്ക്ക് പതിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ട് സുഹൃത്തുകൾക്ക് പരിക്കേറ്റു. ഫൈബറിൽ ആനകളുടെ രൂപം നിർമ്മിച്ചാണ് മധുസൂദനൻ ശ്രദ്ധേയനായത്. ഗുരുവായൂർ കേശവന്റെ പ്രതിമ രണ്ട് വർഷം മുമ്പ് നവീകരിച്ചതും ഇദ്ദേഹമാണ്. കുതിര, ഗണപതി, ഹനുമാൻ തുടങ്ങി നിരവധി ശിൽപങ്ങൾ നിർമ്മിച്ചിട്ടുണ്ട്. ഭാര്യ: ശാന്ത. മക്കൾ: ശ്യാമ, ധ്വനി. മരുമകൻ: നന്ദീപ്. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.