തൃശൂർ: കോർപറേഷൻ പരിധിയിൽ ഭൂരഹിതരായ 1000 പേർക്ക് വീടു നൽകാൻ കർമസമിതി തീരുമാനിച്ചു. കോർപറേഷനിൽ ചേർന്ന ലൈഫ് പദ്ധതിയുടെ അവലോകന യോഗത്തിൽ ഇതുവരെയുള്ള പ്രവർത്തനങ്ങൾ പരിശോധിച്ച് വിലയിരുത്തി.

പ്രവർത്തനങ്ങൾ മാതൃകപരമാണെന്ന് കർമ്മസമിതി വിലയിരുത്തി. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 40 കോടി രൂപ ലൈഫ് പദ്ധതിക്കായി ചെലവാക്കിക്കഴിഞ്ഞു. സംസ്ഥാനത്തെ 6 കോർപറേഷനുകൾ ഈ പദ്ധതി നടപ്പിലാക്കിയതിൽ മൂന്നാം സ്ഥാനത്ത് തൃശൂർ കോർപറേഷനാണ്.

പദ്ധതിയുടെ മൂന്നാം ഘട്ടം എന്ന നിലയിൽ ഭൂരഹിതരായവർക്ക് കോർപറേഷൻ കണ്ടെത്തിയ കുരിയച്ചിറ അറവുശാലയുടെ തെക്ക് ഭാഗത്തുള്ള ഒരു ഏക്കർ ഭൂമിയും തുടർപ്രവർത്തനങ്ങൾക്കായി മാടക്കത്തറ പഞ്ചായത്തിലെ മാറ്റാംപുറത്തുള്ള കോർപറേഷൻ വക സ്ഥലത്തും 1000 കുടുംബങ്ങൾക്ക് താമസിക്കാവുന്ന ഫ്‌ളാറ്റുകൾ നിർമ്മിക്കും. ഇതിനാവശ്യമായ 50 കോടി രൂപ കേന്ദ്ര- സംസ്ഥാന സർക്കാർ വഴിയോ മറ്റു മാർഗ്ഗങ്ങൾ വഴിയോ കണ്ടെത്തുന്നതിന് കൗൺസിലിലേക്ക് വിടാൻ കർമ്മസമിതി തീരുമാനിച്ചു.

ലൈഫ് ഇതുവരെ

1468 കുടുംബങ്ങൾക്ക് ലൈഫ് വഴി ഭവനം നൽകാൻ തീരുമാനം

ഇതിൽ 352 വീടുകളുടെ പണി പൂർത്തികരിച്ച് വാസയോഗ്യമാക്കി

1468 ഭവനങ്ങൾ നിർമ്മാണം പുരോഗമിക്കുന്നു