ചാലക്കുടി: ജലച്ചുഴലി ചാലക്കുടി കൂടപ്പുഴ കടവിൽ ഇറങ്ങുമ്പോൾ കടവിനപ്പുറം ചൂണ്ടയിട്ടിരിക്കുകയാണ് വിനീത്. കൗതുകം കൊണ്ട് മൊബൈൽ കാമറ ഓണാക്കിയ വിനീത് കാമറ ഓഫാക്കുമ്പോൾ തെല്ല് ഭീതിയിലായിരുന്നു. ആർത്തലച്ചെത്തുന്ന ചുഴലി തന്നെയും വന്നു മൂടുമോയെന്ന ഭയം. ഭീതിയാണ് ആ നിമിഷങ്ങൾ പകർന്നതെങ്കിലും പകർത്തിയ ദൃശ്യങ്ങൾ വൈറലായതിന്റെ ചാരിതാർത്ഥ്യമാണ് ഇപ്പോൾ മനസിൽ നിറയെ. ചാലക്കുടിപ്പുഴയിലെ കൂടപ്പുഴ ആറാട്ട് കടവിൽ ജലവും ചുഴറ്റി നാൽപ്പത് അടിയോളം ഉയരത്തിൽ കറങ്ങുന്ന ചുഴലി കേരളവും ഇന്ത്യയും വിട്ട് ഇപ്പോൾ വൈറലായി. കിട്ടിയവരെല്ലാം അതു മറ്റുള്ളവർക്ക് അയച്ചു. എന്നാൽ അത് പകർത്തിയ പോട്ട പനമ്പിള്ളി കോളേജ് പരിസരത്ത് താമസിക്കുന്ന തയ്യിൽ വീട്ടിൽ വിനീതിനെ എല്ലാവരും മറന്നു. കടലിൽ മാത്രം സംഭവിക്കുന്ന ജലച്ചുഴലിയെന്ന കാലാവസ്ഥാ പ്രതിഭാസം ഇതാദ്യമായാണ് പുഴയിലെത്തിയത്. സംഭവത്തെക്കുറിച്ച് ഇനി വിനീത് പറയും..

"കൂടപ്പുഴയിലെ കീലേൻ കടവിൽ രാവിലെ ഏഴ് മുതലായിരുന്നു മീൻപിടുത്തം. കൂട്ടുകാരും ഉണ്ടായിരുന്നു കൂടെ. പെട്ടെന്ന് പെയ്ത മഴയ്ക്ക് ശേഷം തടയണയുടെ മറുകരയിൽ മേലൂർ ഭാഗത്ത് കറുത്ത പുകയുയരുന്നത് കണ്ടു. തീപിടിത്തമാണെന്ന് കരുതി നോക്കുന്നതിനിടയിൽ ആകാശത്ത് നിന്നും മറ്റൊരു പുകച്ചുരുൾ താഴേക്ക് തിരിഞ്ഞെത്തി വെള്ളത്തിൽ പതിക്കുന്നു. പിന്നീടത് വടക്കുഭാഗത്തേക്ക് പായുന്നതോടൊപ്പം വലിയ തോതിൽ വെള്ളവും ഉയർന്നു. അത്യപൂർവ രംഗം. വാട്ടർ അതോറിറ്റി പമ്പ് ഹൗസിനും ഉയരത്തിൽ വെള്ളത്തെ എത്തിച്ച ചുഴലിക്കാറ്റ് ഒരുഘട്ടത്തിൽ അടുത്തേക്ക് എത്തുമെന്നു വരെ ഭയപ്പെട്ടു. എങ്കിലും പതറാതെ ദൃശ്യം പകർത്തുകയായിരുന്നു." വിനീത് പറയുന്നു.

തന്റെ വീഡിയോ നിമിഷങ്ങൾക്കകം മിന്നിമറഞ്ഞ് രാജ്യം വിട്ടതൊക്കെ പിന്നീടാണ് അറിയുന്നത്. ദൃശ്യങ്ങൾ ഏതാനും സുഹൃത്തുകൾക്ക് മാത്രമേ അയച്ചു കൊടുത്തുള്ളൂ. പക്ഷേ ഇത് എല്ലാ ചാനലുകളിലും മുഖ്യതലക്കെട്ടോടെ പ്രത്യക്ഷപ്പെട്ടു. വലിയ പ്രാധാന്യത്തോടെ പ്രചരിച്ച ദൃശ്യത്തിന്റെ പിന്നിൽ താനാണെന്ന് ആരും അറിയാത്തതിൽ പക്ഷേ വിനീതിന് വിഷമമില്ല. അതൊന്നും ഗൗനിക്കാതെ പെയിന്റിംഗ് പോളിഷ് ജോലികൾ ഏറ്റെടുത്ത് നടത്തുന്നു തയ്യിൽ വീട്ടിൽ രാമന്റെ മകൻ വിനീത്. തൊഴിലിനു ശേഷം പുഴയിൽ പതിവുപോലെ ചൂണ്ടയിടാനും പോകുന്നു..