തൃശൂർ: സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാത്തതും അശാസ്ത്രീയമായ റോഡ് നിർമ്മാണവും അടക്കമുളള കാരണങ്ങളാൽ 37 കിലോമീറ്റർ നീണ്ട മണ്ണുത്തി - കറുകുറ്റി നാലുവരിപ്പാതയിൽ എട്ടര വർഷത്തിനിടെ 3566 അപകടങ്ങളിലായി മരിച്ചത് 630 പേർ. 3225 പേർക്ക് പരിക്കേറ്റു. നൂറോളം പേർ വികലാംഗരായി.
സീബ്രാസിഗ്‌നൽ ജംഗ്ഷനുകളിൽ മാത്രമുണ്ടായ 611 വാഹനാപകടങ്ങളിൽ മരിച്ചത് 178 പേരാണ്. 40 പേർ വികലാംഗരായി. ഒല്ലൂർ, പുതുക്കാട്, കൊരട്ടി, കൊടകര, ചാലക്കുടി പൊലീസ് സ്‌റ്റേഷനുകളിൽ നിന്ന് നേർക്കാഴ്ച മനുഷ്യാവകാശ സംഘടന സെക്രട്ടറി പി.ബി. സതീഷിന് ലഭിച്ച വിവരാവകാശ രേഖപ്രകാരമാണ് ഈ കണക്ക്.
അശാസ്ത്രീയമായ സീബ്രാ ലൈനുകളിലൂടെ മുറിച്ചുകടക്കുമ്പോഴുണ്ടായ 60 അപകടങ്ങളിൽ 10 പേർ മരിച്ചു. 2011ൽ നിർമ്മാണം പൂർത്തീകരിച്ചു എന്ന് അവകാശപ്പെട്ട് ടോൾ പിരിച്ചു തുടങ്ങിയ പാതയാണിത്.
ഒരു ദിവസം മൂന്നിലേറെ അപകടങ്ങളും സംഭവിക്കുന്നുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും തിരക്കേറിയ ജംഗ്ഷനുകളിൽ അടിപ്പാത നിർമ്മിക്കാതെയും അപകടങ്ങൾ സംഭവിക്കുന്നുണ്ട്. അതിന് തെളിവാണ് ചാലക്കുടി കോടതി ജംഗ്ഷനിൽ 2011 മുതൽ 2018 ഡിസംബർ വരെ ഈ ജംഗ്ഷനിൽ സംഭവിച്ച 109 അപകടങ്ങിൽ നിന്ന് 10 പേരുടെ ജീവൻ നഷ്ടമായത്. പിന്നീടാണ് 2018 ൽ ഇവിടെ അടിപ്പാത നിർമ്മാണം ആരംഭിച്ചത്.
വഴിപാടായി റോഡ് സുരക്ഷാ കൗൺസിൽ
വാഹനസഞ്ചാര സുരക്ഷയെ മുൻനിറുത്തി 2007ൽ റോഡ് സുരക്ഷാനിയമം നിലവിൽ വന്നിരുന്നു. വർഷത്തിൽ 2 തവണ ജില്ലാ റോഡ് സുരക്ഷാ കൗൺസിൽ യോഗം കൂടണമെന്നാണ് റോഡ് സേഫ്റ്റി നിയമം.
അപകടങ്ങൾ വർദ്ധിക്കുന്നതുകൊണ്ട് മാസത്തിൽ ഒരിക്കൽ റോഡ് സുരക്ഷാ കൗൺസിലിൻ്റെ യോഗം കൂടണമെന്ന് സംസ്ഥാന റോഡ് സുരക്ഷാ അതോറിറ്റി കമ്മിഷണർ ജില്ലാ കളക്ടർക്ക് രേഖാമൂലം ഉത്തവ് നൽകിയിരുന്നു. 2015 മുതൽ 2018 വരെ ആകെ ഏഴ് യോഗമാണ് ജില്ലയിൽ കൂടിയത്. 24 യോഗ നിയമ നടപടികളുടെ കുറവ് ഉണ്ടെന്ന് ജില്ലാ റോഡ് സുരക്ഷ കൗൺസിലിൽ നിന്ന് ലഭിച്ച വിവരാവകാശ രേഖയിൽ വ്യക്തം. ജില്ലാ കളക്ടർ ചെയർമാനും, പൊലീസ് കമ്മിഷണർ, പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എൻജിനിയർ, നാഷണൽ ഹൈവേ അതോരിറ്റി എൻജിനിയർ, റീജ്യണൽ ട്രാൻസ്‌പോർട്ട് ഓഫീസർ എന്നിവർ അടങ്ങുന്നതാണ് ജില്ലാ റോഡ് സുരക്ഷാ കൗൺസിൽ.
..................................................
2017 ഡിസംബർ 28 മുതൽ
കഴിഞ്ഞ ജൂൺ 17 വരെയുളള അപകടങ്ങൾ:
സ്‌റ്റേഷനുകൾ......അപകടങ്ങൾ...... പരിക്ക്....................... മരണം
ഒല്ലൂർ.......................52.............................51..................12
പുതുക്കാട്...............165...........................188.................18
കൊടകര..................134...........................176.................17
ചാലക്കുടി................274............................280...............24
കൊരട്ടി...................184............................176...............21
ആകെ......................809 ............................871................92
ജില്ലാ റോഡ് സുരക്ഷാ കൗൺസിൽ
യോഗങ്ങൾ:
വർഷം.............നടത്തിയത്.........മാസം
2015 ..................3.................. ജനുവരി, മാർച്ച്, ജൂൺ
2016...................1.................. ജനുവരി
2017..................1 ...................ഒക്‌ടോബർ
2018...................2.................. ജൂൺ, സെപ്റ്റംബർ
ആകെ യോഗം: ഏഴ്
നടത്തേണ്ടിയിരുന്നത് : 24