തൃശൂർ: വായ്പയെടുത്ത ആളിനെ ഒഴിവാക്കി ജാമ്യക്കാരിയിൽ നിന്നു മാത്രം വായ്പ കുടിശിക പിടിച്ചെടുക്കുന്ന ബാങ്കിന്റെ നടപടി ശരിയല്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. വായ്പ എടുത്ത ഉദ്യോഗസ്ഥയിൽ നിന്നും വായ്പാ കുടിശിക ഈടാക്കാൻ നടപടി സ്വീകരിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ഉത്തരവിട്ടു.
വായ്പക്കാരിയിൽ നിന്നും കുടിശിക ഈടാക്കുന്നുണ്ടെന്ന ബാങ്കിന്റെ വാദം രേഖകളുടെ അഭാവത്തിൽ കമ്മിഷൻ തള്ളി.
ജല അതോറിറ്റി ഉദ്യോഗസ്ഥ നൽകിയ പരാതിയിലാണ് നടപടി. 2012 ലാണ് സഹപ്രവർത്തകക്ക് വേണ്ടി പരാതിക്കാരി സംസ്ഥാന സഹകരണ ബാങ്കിന്റെ തൃശൂർ ശാഖയിൽ മൂന്ന് ലക്ഷം രൂപയുടെ വായ്പയ്ക്ക് ജാമ്യം നിന്നത്.
എന്നാൽ സഹപ്രവർത്തക വായ്പ കൃത്യമായി അടയ്ക്കുന്നതിൽ വീഴ്ച വരുത്തി. തുടർന്ന് ജാമ്യക്കാരിയിൽ നിന്നും കുടിശിക ഈടാക്കാൻ തുടങ്ങി. തന്റെ ശമ്പളത്തിൽ നിന്നും കുടിശിക പിടിച്ചെടുക്കാൻ ജാമ്യക്കാരി ബാങ്കിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ബാങ്ക് കമ്മിഷനെ അറിയിച്ചു.
വായ്പ തിരിച്ചടക്കാൻ വീഴ്ച വരുത്തിയാൽ കടമെടുത്ത ആളിൽ നിന്നും ജാമ്യക്കാരിൽ നിന്നും റിക്കവറി നടത്താൻ ബാങ്കിന് അധികാരമുണ്ടെന്ന് കമ്മിഷൻ ഉത്തരവിൽ പറഞ്ഞു. എന്നാൽ വായ്പക്കാരിയിൽ നിന്നും തുക ഈടാക്കാതെ ജാമ്യക്കാരിയിൽ നിന്നും മാത്രം കുടിശിക പിടിക്കുകയാണെന്നാണ് പരാതി. ബാങ്കിന്റെ നടപടി നീതിയുക്തമല്ലെന്ന് കമ്മിഷൻ ഉത്തരവിൽ പറഞ്ഞു.
വായ്പക്കാരി നിലവിൽ ശമ്പളം കൈപ്പറ്റുന്നുണ്ട്. വായ്പക്കാരിയിൽ നിന്നും ജാമ്യക്കാരിയിൽ നിന്നും റിക്കവറി നടത്തണമെന്നും ബാങ്കിൽ അടക്കാനുള്ള തുക തുച്ഛമാണെങ്കിൽ ജാമ്യക്കാരിയെ ഒഴിവാക്കി വായ്പക്കാരിയിൽ നിന്നും ഈടാക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.