തൃശൂർ: ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട്. ഈ സാഹചര്യത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 മി.മീ വരെ മഴ) അതിശക്തമായതോ (115 മി.മീ മുതൽ 204.5 മി.മീ. വരെ മഴ) ആയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ ജില്ലയിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അലർട്ട്: മുൻകരുതലുകൾ
ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിൽ പ്രളയ സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും 2018 ലെ പ്രളയത്തിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ താമസിക്കുന്നവരും അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രധാനപ്പെട്ട രേഖകളും വിലപ്പെട്ട വസ്തുക്കളും ഉൾപ്പെടുന്ന ഒരു എമർജൻസി കിറ്റ് തയ്യാറാക്കി വയ്ക്കണം. മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കിൽ അധികൃതർ നിർദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കാൻ തയ്യാറാകണം.
പൊതുനിർദേശങ്ങൾ
ഉരുൾപൊട്ടൽ സാദ്ധ്യത ഉള്ളതിനാൽ രാത്രി 7രാവിലെ 7 മലയോര മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കുക. മലയോര മേഖലയിലെ റോഡുകൾക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകാൻ സാദ്ധ്യതയുണ്ട് എന്നതിനാൽ ഇത്തരം ചാലുകളുടെ അരികിൽ വാഹനങ്ങളൾ നിറുത്തരുത്.
മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകാതിരിക്കുക. സമൂഹ മാദ്ധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ ഒരു കാരണവശാലും പ്രചരിപ്പിക്കരുത്. നദി മുറിച്ചു കടക്കരുത്. പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി സെൽഫി എടുക്കൽ ഒഴിവാക്കുക.
കാലവർഷം: ആറ് വീടുകൾക്ക് നാശനഷ്ടം;
വീട് തകർന്ന് ഒരാൾക്ക് പരിക്ക്
കാലവർഷം കനത്തതോടെ കഴിഞ്ഞ ദിവസം ജില്ലയിൽ ആറു വീടുകൾക്ക് നാശനഷ്ടം ഒരാൾക്ക് പരിക്കേറ്റു. മുകുന്ദപുരം താലൂക്കിൽ ചെങ്ങാലൂർ എസ്.എൻ. പുരം ചുള്ളിപ്പറമ്പിൽ ജയതിലകന്റെ ഓടിട്ട വീട് പൂർണമായും തകർന്നു. 2.5 ലക്ഷം രൂപ നാശനഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. ചാലക്കുടി വെള്ളിക്കുളങ്ങര വില്ലേജിൽ ചൊക്കന ഓട്ടുപാറകാരൻ അബ്ദുറഹ്മാന്റ ഓടിട്ട വീട് തകർന്നാണ് മകൻ മുഹമ്മദാലി(40) ക്ക് പരിക്കേറ്റത്. തലപ്പിള്ളി താലൂക്കിൽ വെങ്ങാനെല്ലൂർ കുണ്ടുകടവിൽ ലക്ഷ്മിക്കുട്ടിയമ്മ, പുല്ലൂർ വില്ലേജിൽ രാമചന്ദ്രൻ എന്നിവരുടെ വീടുകളും ഭാഗികമായി തകർന്നു. ചാലക്കുടി താലൂക്കിൽ പള്ളിയുടെ മേൽക്കൂര മേഞ്ഞ ഷീറ്റ് കാറ്റിൽ പറന്ന് രണ്ടു വീടുകൾക്കു കേടുപാടുകൾ സംഭവിച്ചു. കൊടുങ്ങല്ലൂർ, ചാവക്കാട് താലൂക്കുകളിൽ രണ്ടു ദുരിതാശ്വാസ ക്യാമ്പുകളിലായി അഞ്ചു കുടുംബങ്ങളിലെ 16 പേർ താമസിക്കുന്നുണ്ട്.