road
റോഡിലെ കുഴികൾ ഇന്നലെ അടച്ച നിലയിൽ

മാള: കനത്ത മഴയൊന്നും പ്രശ്‌നമല്ല, മന്ത്രിയുടെ പ്രീതിക്കായി പൊതുമരാമത്ത് സൂത്രം കൊണ്ട് ഓട്ടയടച്ചു. മഴ ശക്തമാകുന്നതുവരെ ഒന്നും ചെയ്യാതെ നോക്കിയിരുന്ന പൊതുമരാമത്ത് വകുപ്പ് അധികൃതർ മന്ത്രി വരുന്നതിന്റെ തലേന്ന് പതിവുപോലെ ഓട്ടയടച്ചു.

അഷ്ടമിച്ചിറ പാളയം പറമ്പിൽ നടക്കുന്ന നിർമ്മാണ ഉദ്ഘാടനം മന്ത്രി ജി. സുധാകരൻ നിർവഹിച്ച ശേഷം തിരിച്ച് കൊടുങ്ങല്ലൂരിലേക്ക് പോകുന്ന റോഡിലെ കുഴികളാണ് അടച്ചത്. മഴവെള്ളത്തിൽ തന്നെ ടാറിട്ട് പേപ്പർ കൊണ്ട് മൂടുകയായിരുന്നു. മന്ത്രി വരുന്നത് മഴ തുടങ്ങും മുമ്പേ അറിയാമായിരുന്നുവെങ്കിലും പതിവുപോലെ ഓട്ടയടക്കൽ തലേന്ന് നടത്തുകയായിരുന്നു.

കനത്ത മഴയുണ്ടായപ്പോൾ മാത്രം ടാറിംഗ് നടത്തി മന്ത്രിയെ വരവേൽക്കാനായി റോഡ് ഒരുക്കുകയാണ് അധികൃതർ ചെയ്തതെന്ന് ആക്ഷേപമുണ്ട്. അഷ്ടമിച്ചിറ പാളയംപറമ്പ് അന്നമനട റോഡ് ആധുനിക നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ നിർമ്മാണ പ്രവൃത്തികൾ മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് കൊടുങ്ങല്ലൂർ മേത്തല മിനി സിവിൽ സ്റ്റേഷന്റെ നിർമ്മാണ ഉദ്ഘാടനവും നിർവഹിക്കും. മന്ത്രി കടന്നുപോകുന്ന പ്രധാന റോഡിൽ മാസങ്ങളായി ഉണ്ടായിരുന്ന കുഴികളാണ് ഇപ്പോൾ സൂത്രം കൊണ്ട് ഓട്ടയടയ്ക്കുന്നത്.

റോഡിലെ കുഴികൾ നിരവധി അപകടങ്ങൾക്ക് ഇടയാക്കിയിരുന്നെങ്കിലും അന്നൊന്നും അടയ്ക്കാൻ തയ്യാറായിരുന്നില്ല. കുടിവെള്ള പൈപ്പുകൾ പൊട്ടിയാണ് പലസ്ഥലത്തും റോഡുകൾ തകർന്നത്. മുമ്പ് മാള ടൗൺ സൗന്ദര്യവത്കരണ നിർമ്മാണം ഉദ്ഘാടനം ചെയ്യാൻ മന്ത്രി എത്തുന്നതിന്റെ തലേന്ന് ഇത്തരത്തിൽ ഓട്ടയടയ്ക്കൽ നടത്തിയിരുന്നു. ഓട്ടയടയ്ക്കാൻ പണം അനുവദിച്ച് മാസങ്ങളായി ചെയ്യാതിരുന്ന ഉദ്യോഗസ്ഥരുടെ നടപടിയെ മന്ത്രി ജി. സുധാകരൻ അന്ന് രൂക്ഷമായി വിമർശിച്ചിരുന്നു.