കടപ്പുറം പഞ്ചായത്തിന് മുന്നിൽ നായാടി കോളനിക്കാർ നടത്തിയ ഉപവാസ സമരം
ചാവക്കാട്: ഏഴ് വർഷം മുമ്പ് പഞ്ചായത്ത് അധികൃതർ പൊളിച്ച വീടുകൾ പുനർനിർമാണം നടത്തുന്നില്ല എന്ന് ആരോപിച്ച് കടപ്പുറം പഞ്ചായത്ത് ഓഫീസിനു മുന്നിൽ ഏകദിന ഉപവാസ സമരം നടത്തി. കടപ്പുറം പഞ്ചായത്തിലെ നായാടി കോളനി നിവാസികളാണ് സമരവുമായി രംഗത്തെത്തിയത്.
ജനകീയാസൂത്രണം പദ്ധതി പ്രകാരം 2002ൽ നിർമ്മിച്ചു നൽകിയ വീടുകൾ അറ്റകുറ്റപ്പണിക്കായി 2012ൽ പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തിൽ പൊളിച്ചു മാറ്റുകയായിരുന്നു. എന്നാൽ ഇതുവരെ വീടുകൾ പുനർനിർമ്മിക്കാൻ അധികൃതർ തയ്യാറായിട്ടില്ല എന്ന് പ്രതിഷേധക്കാർ ആരോപിച്ചു. കേന്ദ്ര പട്ടികജാതി കമ്മീഷൻ വൈസ് ചെയർമാൻ മുരുകൻ കോളനിയിൽ സന്ദർശനം നടത്തിയതിനെ തുടർന്ന് ആദ്യഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും ഇപ്പോൾ അതും നിലച്ചതായി സമരക്കാർ പറഞ്ഞു.
കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ബഷീർ ഉപവാസസമര പന്തലിലെത്തി നായാടിക്കോളനി നിവാസികളുമായും പൊതുപ്രവർത്തകരുമായും നടത്തിയ ചർച്ചയെ തുടർന്ന് പഞ്ചായത്ത് ഈ വിഷയം ഏറ്റെടുത്തു. എത്രയും വേഗം വീട് നിർമ്മാണം ആരംഭിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന ആവശ്യം അംഗീകരിച്ചതിനെ തുടർന്ന് പിന്നീട് നാരങ്ങാ നീര് നൽകി സമരം അവസാനിപ്പിച്ചു. സതീശൻ കുന്നത്ത്, സീനകുന്നത്ത്, ഗോപി, ശിവൻ എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ച ഉപവാസസമരത്തിൽ വിവിധ സംഘടനാ ഭാരവാഹികളും പൊതുപ്രവർത്തകരുമായ ജ്യോതിഷ് ബ്ലാങ്ങാട്, കെ.കെ. ശിവൻ, ആച്ചി ദിനേഷ്, അഖിൽ തൊട്ടാപ്പ്, ദിലീപ് അമ്പലപറമ്പിൽ തുടങ്ങിയവർ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.