kda-veedu-idinju-veenu
ശക്തമായ മഴയിലും മിന്നൽചുഴലിയിലും വെള്ളിക്കുളങ്ങര നായാട്ടുകുണ്ടിൽ ഇടിഞ്ഞുവീണ ഓട്ടുപാറ അബ്ദുൽ റഹിമാന്റെ ഓട് മേഞ്ഞവീട്‌

കൊടകര: മറ്റത്തൂരിലും സമീപ പ്രദേശങ്ങളിലും കഴിഞ്ഞ രാത്രിയിൽ നാശം വിതച്ച് ശക്തമായ മഴയും
മിന്നൽ ചുഴലിയും. രണ്ട് വീടുകൾ ഭാഗികമായി തകർന്നു. വിവിധ സ്ഥലങ്ങളിൽ വൈദ്യുതി ലൈനുകൾക്ക് മീതെ മരങ്ങളും ചില്ലകളും ഒടിഞ്ഞുവീണതിനെ തുടർന്ന് വൈദ്യുതി വിതരണം നിലച്ചു. കൊടുങ്ങ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലെ ക്ലാസ് മുറികളുടെ മേൽക്കൂര കാറ്റിൽ പറന്ന് പോയി. ക്ലാസ് മുറികളുടെ ഷീറ്റ് മേഞ്ഞ മേൽക്കൂര കാറ്റിൽ പറന്ന് സമീപത്തെ രണ്ടു വീടുകൾക്കും നാശനഷ്ടമുണ്ടായി. 4000 ചതുരശ്ര അടിയിൽ നിർമിച്ച ക്ലാസ് മുറികളുടെ മരങ്ങളും, ഷീറ്റും സമീപത്തെ ആഴ്ചങ്ങാടൻ ബിജു, പാറേക്കാടൻ ബാബു എന്നിവരുടെ വീടുകളുടെ മേൽക്കൂരയിൽ പതിച്ചാണ് നാശമുണ്ടായത്. 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി പള്ളി വികാരി ഫാ.ജെയ്‌സൺ വടക്കുംചേരി അറിയിച്ചു.

പള്ളിയുടെ സമീപത്തെ പൈനാപ്പിൾ സ്‌ക്വാഷ് കമ്പനിയുടെ മേൽക്കൂരയും കാറ്റിൽ തകർന്നു. വെള്ളിക്കുളങ്ങര നായാട്ടുകുണ്ടിൽ ഓട്ടുപാറ അബ്ദുൽ റഹിമാന്റെ ഓട് മേഞ്ഞവീട് കനത്ത മഴയിൽ തകർന്നു വീണു. കഴിഞ്ഞ ദിവസം രാത്രിയിൽ മുറിയിൽ ഉറങ്ങി കിടന്നുറങ്ങുകയായിരുന്ന അബ്ദുറഹിമാന്റെ മകൻ മുഹമ്മദാലിക്ക് (40)പരിക്കേറ്റു. മുഖത്തും, തലയിലും, കാലിനും ചുമരിലെ കല്ലുകൾ വീണ് പരിക്കേറ്റ മുഹമ്മദാലി ചാലക്കുടി താലൂക്കാശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലും ചികിത്സ തേടി. കൂലിപ്പണിക്കാരനായ അബ്ദുറഹിമാന്റെ വീടിന്റെ മറ്റു വശങ്ങളും തകർന്ന് നിലംപൊത്താറായ നിലയിലാണ്.

വെള്ളിക്കുളങ്ങര വില്ലേജ് ഓഫീസർ സ്ഥലം സന്ദർശിച്ചു. മോനൊടി ട്രാംവേക്ക് സമീപം കൂത്താട്ടിൽ ഷക്കീറിന്റെ ഓട് വീടിന് മുകളിൽ മരം വീണ് ഭാഗികമായി തകർന്നു. പഞ്ചായത്തിലെ കൊരേച്ചാൽ, വാസുപുരം, മറ്റത്തൂർ പടിഞ്ഞാട്ടുമുറി പ്രദേശങ്ങളിൽ മരം വീണ് തകരാറിലായ വൈദ്യുതി ബന്ധം ഇന്നലെ ഉച്ചയോടെയാണ് പുന:സ്ഥാപിച്ചത്.