melur
മേലൂർ മനപ്പടിയിലെ തോടിന്റെ തടസം നീക്കുവാൻ ഉദ്യോഗസ്ഥരും നാട്ടുകാരും എത്തിയപ്പോൾ.

ചാലക്കുടി: മേലൂർ കൃഷിഭവൻ മനപ്പടി റോഡിൽ സ്വകാര്യ വ്യക്തി കൈവശപ്പെടുത്തിയിരുന്ന പൊതു തോട് ആർ.ഡി.ഒയുടെ നിർദ്ദേശപ്രകാരം പഞ്ചായത്ത് അധികൃതരും പൊലീസും ചേർന്ന് തിരിച്ചു പിടിച്ചു. നാട്ടുകാരുടെ സഹായത്തോടെയായിരുന്നു മതിലിനടിയിലെ തടസങ്ങൾ നീക്കി തോട് പുനഃസ്ഥാപിച്ചത്. ഇതോടെ മനപ്പടി റോഡിലെ നൂറ്റമ്പതോളെ വീട്ടുകാർക്ക് തടസമായ വെള്ളക്കെട്ടും ഒഴിവായി.

കാലങ്ങളായി ഇവിടുത്തെ വെള്ളം മുഴുവൻ വടക്കൻ എൽസി മാത്യു എന്ന സ്ത്രീയുടെ വീട്ടുപറമ്പിനരികിലെ തോട്ടിലൂടെയാണ് ഒഴുകിയിരുന്നത്. ഒരു വർഷം മുമ്പ് ഇവിടെ മതിൽ കെട്ടിയതോടെ തോടിന്റെ ഒഴുക്ക് നിലക്കുകയും ചെയ്തു. കാലവർഷം ആരംഭിച്ചപ്പോൾ ഈ ഭാഗത്ത് മൂന്നടിയോളം വെള്ളം സ്ഥിരമായി കെട്ടികിടന്നു. നാട്ടുകാർ പഞ്ചായത്തിൽ പരാതി നൽകുകയും ഗ്രാമസഭയുടെ തീരുമാന പ്രകാരം തോട് പുനഃസ്ഥാപിക്കാൻ തീരുമാനിക്കുകയുമായിരുന്നു. ഇതിനിടെ സ്വാകാര്യ വക്തി ചാലക്കുടി മുൻസിഫ് കോടതിയെ സമീപിച്ചെങ്കിലും സ്റ്റാറ്റസ് കോ നിലനിറുത്താനായിരുന്നു ഉത്തരവ്.

തുടർന്ന് ഗ്രാമസഭയുടെ തീരുമാനവുമായി നാട്ടുകാർ ആർ.ഡി.ഒക്ക് നൽകിയ പരാതിയിലാണ് മതിലിനടിയിലെ തടസം നീക്കി തോടിന് ഒഴുകാൻ സൗകര്യം ഉണ്ടാക്കണമെന്ന് നിർദ്ദേശിച്ചത്. ഇതേ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.പി. ബാബുവിന്റെ നേതൃത്വത്തിൽ നാട്ടുകാരും ജനപ്രതിനിധികളും എത്തി തോടിന്റെ തടസം മാറ്റി. പ്രതിഷേധിച്ച വീട്ടമ്മയെ അനുനയിപ്പിക്കാൻ കൊരട്ടി എസ്.ഐയുടെ നേതൃത്വത്തിൽ പൊലീസും എത്തിയിരുന്നു. ആർ.ഡി.ഒ ലതിക, വില്ലേജ് ഓഫീസർ ആന്റണി, പഞ്ചായത്തംഗങ്ങളായ എം.എസ്. ബിജു, രാജേഷ് മേനോത്ത്, വനജ വിക്രമൻ എന്നിവരും സംഭവ സ്ഥലത്തെത്തി.