തൃശൂർ: ജില്ലയിലെ ഏറ്റവും വലിയ പടവുകളിലൊന്നായ ജൂബിലി തേവർ പടവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷകരുടെ പേരിൽ പണം തട്ടുകയാണെന്ന് ജൂബിലി തേവർപടവ് കർഷക സംരക്ഷണ സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ വെള്ളപ്പൊക്ക സമയത്ത് ഫിഷറീസ് വിഭാഗം ഒരു ഹെക്ടറിന് 8,200 രൂപ വച്ച് നൽകിയ നഷ്ടപരിഹാരം ഇതുവരെ കർഷകർക്ക് നൽകിയിട്ടില്ലെന്ന് സമിതി കൺവീനർ എൻ.ജി അനിൽനാഥ് പറഞ്ഞു.

ലക്ഷങ്ങൾ പടവ് കമ്മിറ്റിയുടെ കൈവശം ഇരിക്കേ പടവിലെ പമ്പിംഗ് ചാർജ് ഇനത്തിലും മോട്ടോർ സാമഗ്രികളുടെയും റിപ്പയറിംഗ് ചാർജ് ഇനത്തിലും മൂവായിരം രൂപ വീതം ഒരു ഏക്കറിന് കർഷകരിൽ നിന്നും വാങ്ങി. ഒരു നെല്ലും, ഒരു മീനും പദ്ധതി പ്രകാരം ഫിഷറീസ് വിഭാഗം കർഷകരിലൂടെ നടത്തുന്ന മത്സ്യക്കൃഷിയിൽ വ്യാപക അഴിമതിയാണ് നടത്തിയത്. ചേർപ്പ്, പാറളം, ചാഴൂർ പഞ്ചായത്തുകളിൽ ഉൾപ്പെട്ട ജൂബിലി തേവർപടവ് കമ്മിറ്റിക്കെതിരെ വിജിലൻസ് അന്വേഷണം നടത്തണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. സമിതി ചെയർമാൻ അശോകൻ പൊറ്റേക്കാട്ട്, ട്രഷറർ ഇ.എം. മദനൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.