കൊടുങ്ങല്ലൂർ: കെട്ടിടനിർമ്മാണ രംഗത്തെ ഡിസൈൻ വിംഗിനെ പൂർവ്വാധികം ശക്തിപ്പെടുത്തുമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ പറഞ്ഞു. മേത്തല മിനിസിവിൽ സ്റ്റേഷൻ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ച സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരേസമയം 1500 ഡിസൈനുകൾ രൂപകൽപ്പന ചെയ്യാൻ പാകത്തിലാണ് ഡിസൈൻ വിംഗുകളെ പാകപ്പെടുത്തുക. പാലാരിവട്ടം മേൽപ്പാലത്തിന്റെ സ്വാഭാവിക ഡിസൈൻ രൂപകൽപ്പന ചെയ്യുന്നതിൽ പാളിച്ച പറ്റി. കെട്ടിടനിർമാണരംഗത്തെ നിയമങ്ങൾ ലംഘിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. പ്രളയത്തിന് ശേഷം കെട്ടിടനിർമാണ രംഗത്ത് വൻ മാറ്റങ്ങളാണ് നടപ്പിലാക്കിയത്. പി.ഡബ്ലിയു.ഡി ലൈസൻസ് ഇല്ലാത്തവർക്ക് കെട്ടിടനിർമ്മാണത്തിന് അനുമതി നൽകില്ല. കൂടാതെ സിവിൽ-ഇലക്ട്രിക് വർക്കുകൾക്ക് ഒറ്റ ഭരണാനുമതിയാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഡ്വ. വി. ആര്‍ സുനില്‍കുമാര്‍ എം.എല്‍.എയുടെ അദ്ധ്യക്ഷതയിൽ നഗരസഭാ ചെയര്‍മാന്‍ കെ.ആര്‍. ജൈത്രന്‍ മുഖ്യാതിഥിയായി. നഗരസഭ വൈസ് ചെയര്‍മാന്‍ ഹണി പീതാംബരന്‍, സ്റ്റാൻഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ കെ.എസ്. കൈസാബ്, പി.എന്‍. രാമദാസ്, ശോഭ ജോഷി, സി.കെ. രാമനാഥന്‍, തങ്കമണി സുബ്രഹ്മണ്യന്‍, മരാമത്ത് കെട്ടിടവിഭാഗം സൂപ്രണ്ടിംഗ് എൻജിനീയര്‍ എ. മുഹമ്മദ് തഹസില്‍ദാര്‍ കെ. രേവ, തൃശൂര്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് റജി. പി. ജോസഫ്, കെട്ടിടവിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയര്‍ ശ്രീമാല തുടങ്ങിയവര്‍ പങ്കെടുത്തു.
മിനി സിവിൽസ്റ്റേഷൻ ഇങ്ങനെ
കൊടുങ്ങല്ലൂര്‍-കോട്ടപ്പുറം റോഡില്‍ കീത്തോളി ജംഗ്ഷനില്‍
റവന്യൂവകുപ്പിന്റെ 32 സെന്റ് സ്ഥലത്ത്
ചെലവഴിക്കുന്നത് 2.67 കോടി
രണ്ട് നിലകളിൽ 11,500 ചതുരശ്ര അടി വിസ്തീര്‍ണം
താഴത്തെ നില : പോർച്ച്, എ. ഇ.ഒ ഓഫീസ്, വില്ലേജ് ഓഫീസ്, എക്സൈസ് ഓഫീസ്, നാല് ടോയ്‌ലറ്റ്
മുകൾ നില : ഡെപ്യൂട്ടി കളക്ടർ (എൽ.എ), കോൺഫറൻസ് ഹാൾ, അസിസ്റ്റന്റ് ഡയറക്ടർ ഒഫ് അഗ്രികൾച്ചർ, വി.ഇ.ഒ ഓഫീസ്, നാല് ടോയ്‌ലറ്റ്
കെട്ടിടത്തിന്റെ ആർക്കിടെക്ചറൽ ഡ്രോയിംഗ് : മരാമത്ത് ആർക്കിടെക്ചറൽ വിഭാഗത്തിന്റേത്
സ്ട്രെക്ച്ചറൽ ഡിസൈൻ : പൊതുമരാമത്ത് ഡിസൈൻ വിഭാഗത്തിന്റേത്
18 മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കും