മാള: മാള പഞ്ചായത്തിലെ നെയ്തക്കുടി, ചുങ്കം മേഖലയിൽ കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. ചാലക്കുടിപ്പുഴയിൽ നിന്ന് ഇരുകരകളിലേക്കും വെള്ളം കയറിയിട്ടുണ്ട്. കുണ്ടൂർ ഭാഗത്ത് പുഴ കരകവിഞ്ഞ് വെള്ളം കയറി. തിരുത്ത മടത്തുംപടി റോഡ് മുങ്ങി. മാള കുരുവിലശേരിയിൽ ആളില്ലാത്ത വീട് തകർന്നു. ചുണ്ടങ്ങാപ്പറമ്പിൽ പരേതനായ സത്യവാന്റെ ഭാര്യ ജലജയുടെ ഓട് മേഞ്ഞ വീടാണ് തകർന്നത്. ഇവർ മകളുടെ വീട്ടിലാണ് താമസിക്കുന്നത്. ചുങ്കത്ത് ഒഴിഞ്ഞ പറമ്പിലെ 50 ഓളം മരങ്ങൾ കനത്ത കാറ്റിൽ കടപുഴകി വീണു. ഈ മേഖലയിൽ നിരവധി മരങ്ങളാണ് വീണിട്ടുള്ളത്. മാള മേഖലയിലെ വിവിധ പഞ്ചായത്ത് പ്രദേശങ്ങളിൽ മരങ്ങൾ കടപുഴകി വീണിട്ടുണ്ട്. ചാലക്കുടിയിൽ നിന്ന് മാള സബ് സ്റ്റേഷനിലേക്ക് വരുന്ന ടവർ ലൈനിലേക്ക് മരം വീണതിനാൽ രാവിലെ മുതൽ വൈദ്യുതി വിതരണം നിലച്ചിരുന്നു.