തൃശൂർ: ഭർത്താവ് മാനസിക രോഗിയാക്കാൻ ശ്രമിക്കുകയാണെന്നും കൂടെ താമസിക്കാൻ നിർബന്ധിക്കരുതെന്നുമുള്ള ആവശ്യവുമായി ഇ.എസ്.ഐ ആശുപത്രിയിലെ നഴ്‌സ് വനിതാ കമ്മിഷനെ സമീപിച്ചു. സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ ഭർത്താവ് ബന്ധുക്കളോടും നാട്ടുകാരോടും ഭാര്യക്ക് മനോരോഗമുണ്ടെന്ന് പറയുകയാണ് പതിവ്. കമ്മിഷന് മുന്നിലെത്തിയ ഇയാൾ സിറ്റിംഗിന് മുമ്പ് തന്നെ അദ്ധ്യക്ഷയെ കണ്ട് ഭാര്യക്ക് മാനസിക രോഗമുണ്ടെന്ന് അറിയിച്ചു. പിന്നീട് സിറ്റിംഗിലും പരാതി ആവർത്തിച്ചു. മറ്റൊരു കേസുമായി ബന്ധപ്പെട്ട് അവിടെയെത്തിയ പഞ്ചായത്ത് പ്രസിഡന്റിനോട് കമ്മിഷൻ വിവരങ്ങൾ ചോദിച്ച് മനസിലാക്കി. പലപ്പോഴും ഇയാൾ മാനസിക രോഗമുണ്ടെന്ന് പറഞ്ഞ് ഭാര്യയെ പീഡിപ്പിക്കുന്നുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റും ആവർത്തിച്ചു. സ്വന്തം ശമ്പളമുപയോഗിച്ച് വാങ്ങിയ വീടും സ്ഥലവും ഉപേക്ഷിച്ച് വാടകവീട്ടിലാണ് ഭാര്യയും രണ്ട് കുട്ടികളും താമസിക്കുന്നത്. സ്വന്തം വീട്ടിലേക്ക് മാറിത്താമസിക്കാൻ കമ്മിഷൻ നിർദ്ദേശിച്ചു. ഭർത്താവിന് ചികിത്സ ആവശ്യമുണ്ടെന്ന നിഗമനത്തിലാണ് കമ്മിഷൻ. അമ്മയ്‌ക്കെതിരെ മകൾ കേസ് നൽകിയ പരാതിയുമായി രണ്ട് പരാതികൾ കമ്മിഷന് മുന്നിലെത്തി. ഡോക്ടറായ പിതാവ് മരിച്ച ശേഷം ആശുപത്രിയിലെ സാമ്പത്തിക ആനുകൂല്യങ്ങൾ അമ്മയ്ക്ക് നൽകരുതെന്നും തനിക്ക് നൽകണമെന്നാവശ്യപ്പെട്ട് മകൾ കോടതിയെ സമീപിച്ചെന്നും കേസിൽ ഇടപെടണമെന്നുമുള്ള പരാതിയുമായി അമ്മ കമ്മിഷനെ സമീപിച്ചു. മാധ്യമപ്രവർത്തകനായ ഭർത്താവിന്റെയും ബന്ധുക്കളുടെയും നിർബന്ധ പ്രകാരമാണ് മകളുടെ പ്രവൃത്തിയെന്നാണ് അമ്മയുടെ പരാതി. ടൗൺഹാളിൽ വ്യാഴാഴ്ച നടന്ന അദാലത്തിൽ 97 പരാതികളാണ് ലഭിച്ചത്. 20 എണ്ണം തീർപ്പാക്കി. 71 കേസുകൾ അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു. കമ്മിഷൻ അദ്ധ്യക്ഷ എം.സി ജോസഫൈൻ അംഗങ്ങളായ അഡ്വ. ഷിജി ശിവജി, എം.എസ് താര, ഇ.എം രാധ എന്നിവർ പങ്കെടുത്തു.