വരന്തരപ്പിള്ളി: പാലപ്പിള്ളി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിനു മുന്നിൽ വീട്ടമ്മയായ നസീമയും മൂന്ന് മക്കളും കുടിൽ കെട്ടി സമരം ആരംഭിച്ചത് ആഗസ്റ്റ് ഒന്നിനാണ്. സാമൂഹിക പ്രവർത്തക ബൾക്കീസ് ബാനുവാണ് സമരം ഉദ്ഘാടനം ചെയ്തത്. എട്ട് ദിവസം പിന്നീട്ടിട്ടും അധികൃതർക്ക് കണ്ടഭാവമില്ല. ചിമ്മിനി ഡാം റോഡിന് ഇരുവശത്തുമുള്ള കടകൾ പൊളിച്ചുനീക്കാൻ വനം വകുപ്പ് അധികൃതർ നോട്ടീസ് നൽകിയപ്പോൾ രാഷ്ടീയ കക്ഷികളും മന്ത്രിയും പ്രതികരിച്ചു.

സംഭവങ്ങളുടെ തുടക്കം ഇങ്ങനെ

എച്ചിപ്പാറ സെന്ററിൽ നസീമയും ഭർത്താവ് ഗഫൂറും ചേർന്ന് ഉന്തുവണ്ടിയിലായിരുന്നു ആദ്യം തട്ടകട നടത്തിയിരുന്നത്. കടയിൽ എത്തുന്നവർക്ക് സൗകര്യത്തിന് പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മേൽക്കൂരയുണ്ടാക്കി. കച്ചവടം അഭിവൃദ്ധിപ്പെട്ടതോടെ ശത്രുക്കളുമുണ്ടായി. ഇതിനിടെ മരങ്ങളിലേക്ക് വലിച്ച് കെട്ടിയ പ്ലാസ്റ്റിക് ഷീറ്റ് മേയാൻ കോൺക്രീറ്റ് കാലുകൾ നാട്ടി. പിന്നീടെല്ലാം പെട്ടെന്നായിരുന്നു. വനം വകുപ്പ് അധികൃതർ ഷെഡ് പൊളിച്ചു, ഉന്തു വണ്ടി, കോൺക്രീറ്റ് കാലുകൾ, ഗ്യാസ് സിലിണ്ടർ, ഗ്യാസ് അടുപ്പ് എന്നിവ തൊണ്ടിയായി കണ്ടുകെട്ടി. വനഭൂമി കൈയേറി കുടിൽ കെട്ടിയതിന് നസീമയുടെ ഭർത്താവിന്റെ പേരിൽ വനനിയമപ്രകാരം കേസെടുത്തു.

അൽപ്പം പിന്നാംപുറം

ചിമ്മിനി ഡാം നിർമ്മാണഘട്ടത്തിൽ റോഡിനായി തോട്ടഭൂമി പൊതുമരാമത്ത്, ജലസേചന വകുപ്പുകൾക്ക് വനംവകുപ്പ് വിട്ടുനൽകി. തോട്ടം തൊഴിലാളികളും ആദിവാസികളും ഉണ്ടായിരുന്നിടത്ത് ഡാം നിർമ്മാണത്തിന് തൊഴിലാളികളും ഉദ്യോഗസ്ഥരും എത്തുന്നു. റോഡ് വക്കിൽ ചെറിയ ഷെഡുകളിൽ വ്യാപാര സ്ഥാപനങ്ങൾ ഉയർന്നു. ഇഷ്ടിക ചുമരുകളും, ഓടും ഷീറ്റും കൊണ്ടും മേൽക്കൂരയുമുള്ള ഷെഡുകൾക്ക് വൈദ്യുതി കണക്‌ഷൻ നൽകി. ആരാധനാലയങ്ങളും ഈ സമയം നിർമ്മിക്കപ്പെട്ടു. വനഭൂമിയിൽ തന്നെയായിരുന്നു ഈ നിർമ്മാണമെല്ലാം. എന്നാൽ നസീമയുടെ തട്ടുകട മാത്രമാണ് അധികൃതരുടെ കണ്ണിൽപ്പെട്ടത്.

മറ്റ് കൈയേറ്റങ്ങൾക്ക് മുൻപിൽ

മദ്രസയോട് ചേർന്ന് 3000 ചതുരശ്ര അടി വിസ്തൃതിയിൽ ഓഡിറ്റോറിയം

ചിമ്മിനി പുഴയോരത്ത് വനഭൂമിയിൽ ഏറുമാടം നിർമ്മിച്ചു കൊണ്ടിരിക്കുന്നു

ഇരുമ്പ് കാലുകൾ കൊണ്ടാണ് ടൂറിസ്റ്റുകൾക്ക് താമസസൗകര്യം ഒരുക്കുന്നത്

ഓഡിറ്റോറിയവും ഏറുമാടവും നിർമ്മിക്കുന്നത് പഞ്ചായത്തും വനംവകുപ്പും കണ്ടില്ല

പുതിയ കൈയേറ്റം അനുവദിക്കാനാകില്ല. സ്ഥിരം സ്വഭാവമുള്ള നിർമ്മാണം നടത്തിയത് അവഗണിക്കാനാകില്ല. മാനുഷിക പരിഗണന വച്ച് ഉന്തുവണ്ടിയിൽ ഷീറ്റ് വലിച്ചുകെട്ടി കച്ചവടം നടത്തിക്കൊള്ളാൻ പറഞ്ഞിരുന്നു. അത് ലംഘിച്ചതിനാലാണ് ഷെഡ് പൊളിക്കാനും കേസ് എടുക്കാനും നിർബന്ധിതമായത്. തൊണ്ടിയായി കസ്റ്റഡിയിലെടുത്ത വസ്തുക്കൾ കേസ് തീരാതെ തിരിച്ചു കൊടുക്കാനാകില്ല.

- പ്രേംഷമീർ, പാലപ്പിള്ളി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ