തൃശൂർ: യുവമാദ്ധ്യമ പ്രവർത്തകൻ കെ.എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട് കുറ്റക്കാർക്കെതിരെ ശിക്ഷ ഉറപ്പുവരുത്താൻ സർക്കാർ തയ്യാറാകണമെന്ന് പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കേസന്വേഷണത്തിലെ പൊലീസ് അനാസ്ഥയിൽ പ്രതിഷേധിച്ച് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിലേക്ക് മാർച്ച് നടത്തി. പ്രസ് ക്ലബ്ബിന് മുമ്പിൽ നിന്നും ആരംഭിച്ച മാർച്ച് കമ്മിഷണർ ഓഫീസിന് സമീപം പൊലീസ് തടഞ്ഞു. പ്രതിഷേധയോഗം മുൻ എം.എൽ.എ ടി.വി ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. കെ.യു.ഡബ്ല്യൂ.ജെ ജില്ലാ പ്രസിഡന്റ് കെ. പ്രഭാത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം എ. സേതുമാധവൻ, ജില്ലാ സെക്രട്ടറി എം.വി വിനീത, വൈസ് പ്രസിഡന്റ് പി.ആർ റിസിയ, സീനിയർ ജേണലിസ്റ്റ് ഫോറം ജില്ലാ സെക്രട്ടറി എൻ. ശ്രീകുമാർ, കെ.യു.ഡബ്ല്യു.ജെ ജില്ലാ കമ്മിറ്റിയംഗംങ്ങളായ സി.ബി. പ്രദീപ്കുമാർ, സക്കീർ ഹുസൈൻ എന്നിവർ സംസാരിച്ചു.