എരുമപ്പെട്ടി: കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള നെല്ലുവായ് ശ്രീ ധന്വന്തരി ആയുർവ്വേദ ആശുപത്രിയുടെ സമഗ്ര വികസനത്തിനായുള്ള നടപടി ആരംഭിച്ചു. പരിസ്ഥിതി സൗഹാർദ കെട്ടിട നിർമ്മാതാക്കളായ ഹാബിറ്റാറ്റ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. കൊച്ചിൻ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ധന്വന്തരീ ക്ഷേത്രവും ആയുർവേദ ആശുപത്രിയും സംയോജിപ്പിച്ചാണ് വികസന പദ്ധതി തയ്യാറാക്കുന്നത്. നിലവിൽ ഒ.പി ചികിത്സാ സംവിധാനം മാത്രമുള്ള ആശുപത്രിയിൽ പുതിയ കെട്ടിടങ്ങൾ നിർമ്മിച്ച് കിടത്തി ചികിത്സ ഉൾപ്പെടെയുള്ള സേവനങ്ങൾ നടപ്പിലാക്കും. പഞ്ചകർമ്മ ചികിത്സ, അഷ്ട വൈദ്യ പാരമ്പര്യ ചികിത്സ, ഉഴിച്ചിൽ ഉൾപ്പെടെയുള്ള കളരി ചികിത്സ, പ്രകൃതിയോടിണങ്ങിയ മാനസിക ചികിത്സാ കേന്ദ്രം, ഗവേഷണ കേന്ദ്രം തുടങ്ങി ആയുർവേദ മേഖലയിലെ സർവതല സ്പർശിയായ പദ്ധതികൾക്കാണ് രൂപം നൽകുന്നത്. ആശുപത്രി സൂപ്രണ്ട് ഡോ. അരുൺ കൈമൾ, ദേവസ്വം ഓഫീസർ പി. രാജേഷ്, ക്ഷേത്ര ഉപദേശക സമിതി അംഗം ഇ. പ്രജിത്ത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.