ചാലക്കുടി: പൊരിങ്ങൽക്കുത്ത് ഡാമിൽ നിന്നും 92 അടി വെള്ളം തുറന്നുവിട്ടതോടെ ചാലക്കുടിപ്പുഴയോട് ചേർന്നുള്ള പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലായി. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിത്തുടങ്ങി. മുൻ കരുതൽ നടപടിയുടെ ഭാഗമായി പരിയാരം കമ്മളത്തുള്ള ഒരു കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു. രാത്രിയും മഴ തുടർന്നാൽ ചാലക്കുടി സൗത്ത് ജംഗ്ഷനിലെ കനാൽ പുറമ്പോക്കിൽ താമസിക്കുന്നവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റാൻ നഗരസഭ തീരുമാനിച്ചു.

മലക്കപ്പാറയിലെ മൂന്നിടത്ത് ചെറിയ തോതിൽ ഉരുൾപ്പൊട്ടലുണ്ടായി. പെരുമ്പാറ കാപ്പിത്തോട്ടത്തിലാണ് നേരിയ തോതിൽ ഉരുൾപൊട്ടി മണ്ണൊലിച്ച് റോഡിലെത്തിയത്. ഇതേത്തുടർന്ന് ഏറെ നേരം വാഹന ഗതാഗതം തടസപ്പെട്ടു. കാടിനകത്താണ് മറ്റു രണ്ട് ഉരുൾപ്പൊട്ടലുകളുണ്ടായതെന്ന് പൊലീസ് അറിയിച്ചു. കനത്ത മഴയോടൊപ്പം ചുഴലിക്കാറ്റ് ആഞ്ഞടിച്ചത് വ്യാപകമായ കെടുതികൾക്കിടയാക്കി. കൊന്നക്കുഴിയിൽ ഗോകുലം മിനറൽ വാട്ടർ കമ്പനി മൊത്തമായി തകർന്നു.

ഷെഡിന്റെ മേൽക്കൂര റോഡിലേക്ക് പറന്നുപോയി. കമ്പനിക്കകത്തുണ്ടായിരുന്ന നാൽപ്പതോളം ജീവനക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഷീറ്റ് പറന്ന് തൊട്ടടുത്ത കാർഷിക സർവകലാശാലയുടെ ഫാമിലേക്കുമെത്തി. ഇതിലൂടെ കടന്നു പോകുന്ന ടവർ ലൈനിൽ മുട്ടാതിരുന്നത് അനുഗ്രഹമായി. കമ്പനിക്ക് മൂന്നു കോടിയുടെ നഷ്ടം സംഭവിച്ചു. പരിയാരം കപ്പേളക്ക് സമീപം കണിച്ചാത്ത് സുബ്രന്റെ വീടിന് മുകളിലെ ഷീറ്റ് ചുഴലിക്കാറ്റിൽ പറന്നുപോയി.

ചായ്പ്പൻകുഴിയിലുണ്ടായ ശക്തമായ കാറ്റിൽ ഇരുപതോളം വീടുകളിൽ കൃഷിനാശം സംഭവിച്ചു. പതിനഞ്ച് ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞു വീണു. ഇവിടെ എല്ലായിടത്തും വൈദ്യുതി ബന്ധവും നിലച്ചു. ചാലക്കുടിപ്പുഴയിൽ നിന്നും വെള്ളം കയറിയതിനെ തുടർന്ന് പരിയാരം കമ്മളത്ത് ആലഞ്ചേരി ജോസഫിന്റെ കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു. കൂടപ്പുഴ കുട്ടാടംചിറ പാടത്തെ വീട്ടുകാരെ ആവശ്യമെങ്കിൽ മാറ്റി പാർപ്പിക്കാനാണ് നഗരസഭയുടെ തീരുമാനം..