തൃശൂർ: കോലഴിയിൽ ഇന്നലെ പുലർച്ചെയുണ്ടായ ചുഴലിക്കാറ്റിൽ വൻ നാശനഷ്ടം. കോലഴിയുടെ കിഴക്കൻ പ്രദേശത്താണ് കാറ്റ് നാശം വിതച്ചത്. ശങ്കരൻചിറ പാലയ്ക്കൽ അജിയുടെ വീട് ഭാഗികമായി തകർന്നു. നാരായണ നഗറിലെ മലപ്പുറത്ത് രഘുവിന്റെ കെട്ടിടം തകർന്നു. രമയുടെ വീടിന്റെ മേൽക്കുരയും പറന്നുപോയി. കോലഴി സെന്റ് ബെനഡിക്ട് പള്ളിയുടെ മുന്നിൽ നിന്നിരുന്ന ആൽമരം കടപുഴകി വീണു.

ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് റോഡിൽ നിന്ന് വെട്ടിമാറ്റി. ത്രിവേണി നഗറിലെ റബർ മരങ്ങളും തേക്ക് മരങ്ങളും വീണ് നിരവധി ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞു വീണു. കോലഴി നാരായണ നഗറിലെ മലപ്പുറത്ത് രഘുവിന്റെ റബർ മരങ്ങളും ഓണത്തിന് വെട്ടാൻ പ്രായമായ 500 ഓളം നേന്ത്രവാഴകൾ നശിച്ചു. തരകൻ സെബാസ്റ്റ്യന്റെ 200 ഓളം വാഴകളും വള്ളിക്കാവുങ്കൽ മാത്യുവിന്റെയും കടവേലി ഗ്രേസിയുടെയും റബർ മരങ്ങളും ഒടിഞ്ഞു. 600 ഓളം റബർ മരങ്ങളാണ് ഒടിഞ്ഞത്.