ethai-auto
ഏങ്ങണ്ടിയൂർ ഏത്തായിയിൽ മരം വീണ് തകർന്ന ഓട്ടോ

തൃപ്രയാർ: മഴ കനത്തതോടെ ദേശീയ പാതയിൽ വെള്ളക്കെട്ട്. വലപ്പാട് കുരിശുപള്ളി, തൃപ്രയാർ ബസ് സ്റ്റാൻഡിന് സമീപം എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി. റോഡ് പുഴയായി മാറി. എടമുട്ടം, തളിക്കുളം, പത്താംകല്ല്, വാടാനപ്പിള്ളി, ഏങ്ങണ്ടിയൂർ തുടങ്ങിയ മേഖലകളിൽ റോഡ് പൂർണമായും തകർന്നു. ദേശീയ പാത ചേറ്റുവ മുതൽ എടമുട്ടം വരെയുള്ള പരിധിയിൽ റോഡിലാകെ ചെറുതും വലുതുമായ ഗർത്തങ്ങളാണ്. ഇവ വാഹന യാത്രയ്ക്ക് ഭീഷണിയാണ്. തീരദേശത്ത് ചെറുതും വലുതുമായ മിക്ക റോഡുകളും വെള്ളത്തിനടിയിലാണ്. മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റിൽ തീരദേശത്ത് കനത്ത നാശമുണ്ടായി. നാട്ടിക പഞ്ചായത്തിലെ നാലാം വാർഡിൽ പഴയ ട്രിക്കോട്ട് മിൽ റോഡിൽ മരം വീണു. ദേശീയ പാതയിൽ രണ്ടിടത്ത് മരം വീണു. വിവിധ പ്രദേശങ്ങളിൽ തെങ്ങുകൾ കടപുഴകി വീണു. ഏങ്ങണ്ടിയൂർ എത്തായ് സെന്ററിൽ മരം വീണ് ഓട്ടോ തകർന്നു. റോഡരികിൽ പാർക്ക് ചെയ്തിരുന്ന കേരാച്ചൻ സുനിലിന്റെ ഓട്ടോയാണ് തകർന്നത്. തളിക്കുളത്ത് മരം വീണ് ദേശീയ പാതയിൽ രണ്ട് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. നാട്ടികയിൽ നിന്നെത്തിയ ഫയർഫോഴ്സ് മരം വെട്ടി മാറ്റി മാർഗ്ഗതടസ്സം നീക്കി. ചേറ്റുവ അഴിമുഖം പ്രദേശത്ത് നിരവധി തെങ്ങുകൾ കടപുഴകി വീണു. വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെട്ടു.