ചാലക്കുടി: കുടിവെള്ള കമ്പനിയെ തകർത്തെറിഞ്ഞ ചുഴലിക്കാറ്റിൽ കൊന്നക്കുഴി പ്രദേശം ഭയന്നു വിറച്ചു. വ്യാഴാഴ്ച ഉച്ചയോടെ മേലൂർ മേഖലയിൽ നിന്നെത്തിയ കാറ്റാണ് കമ്പനിയുടെ മേൽക്കൂര പറത്തിക്കളഞ്ഞത്. ഷീറ്റുകളും ഇരുമ്പുകമ്പികളും പറന്നെത്തുമ്പോൾ റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നത് ഭാഗ്യമായി. കമ്പനിക്കുള്ളിലെ ജീവനക്കാരും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഷീറ്റുകളിൽ പലതും കമ്പിക്കുള്ളിലേക്കും വീണു. ചുവരുകളും മൊത്തമായി തകർന്നു. നിർമ്മിച്ചു വച്ച എല്ലാ ഉത്പന്നങ്ങളും, ഉത്പന്ന സാമഗ്രികളും മഴവെള്ളം കയറി നശിച്ചു. കമ്പ്യൂട്ടർ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളും തകർന്നു.